വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡ് വാങ്ങാന്‍ യോഗം ഉണ്ടാവില്ല; കെ സുരേന്ദ്രന്‍

surendran

ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ബി. ജെ. പി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങില്ലെന്ന് വാശിപിടിച്ചാല്‍ പലര്‍ക്കും അവാര്‍ഡ് വാങ്ങാനുള്ള യോഗം ഈ ജന്മത്തില്‍ ഉണ്ടാവില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അവാര്‍ഡ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗായകന്‍ യേശുദാസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്ന നികൃഷ്ടമായി രീതിയില്‍ അധിക്ഷേപിക്കുന്നത് മഹാ വൃത്തികേടാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ലെന്നും മോദിയോടും ബി.ജെ.പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തില്‍ പുറത്തുവരുന്നതാണെന്നും ഈ ചൊറിച്ചിലിനു മരുന്നുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സവിശേഷത. അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും.

അതിന്റെ പേരില്‍ യേശുദാസിനെപ്പോലെ ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മഹാപ്രതിഭയെ ഇങ്ങനെ നികൃഷ്ടമായ നിലയില്‍ അധിക്ഷേപിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മഹാവൃത്തികേടാണ്. അസഹിഷ്ണുതക്ക് ഒരതിരുണ്ട്.

ഇതിനു മുന്‍പും എത്രയോ കലാകാരന്‍മാര്‍ മന്ത്രിമാരുടെ കയ്യില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ബി. ജെ. പി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല.

ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബി. ജെ. പിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തില്‍ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാല്‍ അതിന്റെ മറവില്‍ ലോകം ആദരിക്കുന്നവരെ അധിക്ഷേപിച്ചാല്‍ അതു തിരിച്ചറിയാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കണം.

-കെ സുരേന്ദ്രന്‍

Top