‘ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്’; ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവര്‍ണറെ ആക്രമിക്കാന്‍ പൊലീസ് സഹായം ലഭിച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പൈലറ്റ് വാഹനം പ്രതിഷേധക്കാര്‍ക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മനപ്പൂര്‍വ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവര്‍ണറുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇടപെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് ഇന്ന് രാവിലെ ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ‘അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണ്. എസ്.എഫ്.ഐ ആക്രമണത്തില്‍ തന്റെ കാറിന്റെ ഗ്ലാസില്‍ പോറല്‍ ഉണ്ടായി. സംഭവത്തില്‍ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്.എഫ്.ഐ അല്ലാതെ മറ്റൊരു വിദ്യാര്‍ഥി സംഘടനയും ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെ’ന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top