നികുതി ഭാരം അടിച്ചേൽപ്പിക്കും, സംസ്ഥാന ബജറ്റിനേക്കുറിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് അതാണെന്നും ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

കേന്ദ്ര ബജറ്റിന് എതിരായ വിമർശനത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ കെ സുരേന്ദ്രൻ വിമര്‍ശനം ഉന്നയിച്ചു. ബജറ്റ് ശരിയായി മനസ്സിലാക്കാതെയാണ് വിമർശനമെന്നും കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. എയിംസ് ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവ് ഇല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, കേരളത്തിന് 19,662.88 കോടി രൂപ ബജറ്റിൽ അനുവദിച്ചില്ലേ എന്നും ചോദിച്ചു.

മോദി സര്‍ക്കാര്‍ 9 വർഷം കൊണ്ട് 9 ലക്ഷം കോടി രൂപ അനുവദിച്ചു. കഴിഞ്ഞ 9 വർഷം കേരളത്തെ അവഗണിച്ച് എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു പാർട്ടിക്ക് ഒരു സമരം നടത്തേണ്ടി വന്നിട്ടുണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു. മോദി സർക്കാരിൻ്റെ സഹായം കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടത്തതെന്നും കേന്ദ്ര ബജറ്റ് മാതൃകാപരമായ ബജറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റിനെ വിമർശിക്കുന്നത് തികഞ്ഞ രാഷ്ട്രീയമാണ്. ഈ ബജറ്റ് കണ്ട് പഠിച്ച് വേണം നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Top