സമ്പത്തിന് സമ്പത്തുകാലം വരുന്നു; പുതിയ നിയമനത്തില്‍ വിമര്‍ശനവുമായി സുരേന്ദ്രന്‍

പാലക്കാട്: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ ആറ്റിങ്ങല്‍ എം.പി എ സമ്പത്തിന് നിയമനം നല്‍കിയ നടപടിയില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

സമ്പത്തിന് സമ്പത്തുകാലം വരുന്നു എന്നാണ് ഇതിനെക്കുറിച്ച് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ ഡല്‍ഹിയില്‍ കുടിയിരുത്താന്‍ പോവുകയാണ്. കാറും ബംഗ്ലാവും പരിചാരകരും ശമ്പളവും ബത്തയും ഓഫീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരള ഖജനാവില്‍ നിന്നാണ് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഭരണപരിഷ്‌കാര കമ്മീഷന്‍ പോലെ കോടികള്‍ ചെലവാക്കിയുള്ള മറ്റൊരു നിയമനമാണിത്. സമ്പത്തിന്റെ നിയമനത്തെ അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യം എന്നും സുരേന്ദ്രന്‍ വിശേഷിപ്പിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്.

വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും.സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ കുടിയിരുത്താൻ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വർഷം കോടികൾ കേരളഖജനാവിൽ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങൾക്കുള്ള അംബാസിഡർ. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും. ഭരണപരിഷ്കാര കമ്മീഷന്‍ പോലെ കോടികൾ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാൻ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കിൽ വിഷണറി ആയുള്ള ഭരണത്തലവൻ വേണം. ഇതു വെറും അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി…

Top