നിങ്ങള്‍ വന്നാലും ഇല്ലെങ്കിലും നാളെ ബി.ജെ.പിയുടേതാണ്, ന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്ത് സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഒപ്പം നില്‍ക്കുന്ന ഘടക കക്ഷികളെയാണ് സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

അനന്തമായ സാധ്യതയാണ് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ വന്നാലും ഇല്ലെങ്കിലും നാളെ ബി. ജെ. പിയുടേത് മാത്രമാണ്. അവസരം പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും വലിയ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റുകളുടേയും കൂടെ നില്‍ക്കുന്ന ഘടകകക്ഷികള്‍ ഒന്നു മാറിച്ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ കേരളത്തിലുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണ്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ കേരളാമോഡലിന്റെ നിരര്‍ത്ഥകത ഒന്നിലേറെ തവണ മലയാളികള്‍ക്ക് ബോധ്യമായതാണ്. മധുവിന്റെ കൊലപാതകം ഒടുവിലത്തെ ഉദാഹരണം മാത്രം. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമല്ലാതെ വേറൊന്നുമല്ല. പതിററാണ്ടുകളായി ഇവിടെ വേരുറച്ചുപോയ കമ്യൂണിസ്ട് രാഷ്ട്രീയ ശൈലിയാണ് കേരളത്തിന്റെ പിന്നോക്കാവസ്ഥക്കുള്ള യഥാര്‍ത്ഥ കാരണം. വികസനവിരുദ്ധമാണ് ഇവിടുത്തെ ഉഛ്വാസവായുപോലും. എല്ലാ രാഷ്ട്രീയ ഭരണസംവിധാനങ്ങളും ഇവിടെ പിന്‍തുടരുന്നത് ഒരേ ശൈലി തന്നെയാണ്. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോഴും ഇടതുശൈലി തന്നെയാണ് അവരും ആശ്രയിക്കുന്നത്. നല്ലതൊന്നിനേയും ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നില്ല. ഫലമോ നിരാശരും ഹതാശരുമായി പുതുതലമുറപോലും കഴിഞ്ഞുകൂടേണ്ടിവരുന്നു. മാററം കൊണ്ടുവരാനുള്ള മനസ്സ് ഇടതുപക്ഷത്തിനില്ല. അഭ്യസ്തവിദ്യരായ പുതുതലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ബി. ജെ. പിക്കുമാത്രമേ ഇനി കഴിയുകയുള്ളൂ. കോണ്‍ഗ്രസ്സിന്റേയും കമ്യൂണിസ്ടുകളുടേയും കൂടെ നില്‍ക്കുന്ന ഘടകകക്ഷികള്‍ ഒന്നു മാറിച്ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ കേരളത്തിലുള്ളൂ. എണ്‍പതുശതമാനത്തിലധികം മതന്യൂനപക്ഷങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബി. ജെ. പിയോടൊപ്പം നില്‍ക്കാന്‍ കഴിയുമെങ്കില്‍ ഇവിടേയും എന്തുകൊണ്ടതായിക്കൂടാ. ഒന്നോ രണ്ടോ മന്ത്രിസ്ഥാനത്തിലപ്പുറം ഇവരൊക്കെ എന്തുനേടി എന്നുള്ളത് പരിശോധിക്കാന്‍ ഈ കക്ഷികള്‍ തയ്യാറാവേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അനന്തമായ സാധ്യതയാണ് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ വന്നാലും ഇല്ലെങ്കിലും നാളെ ബി. ജെ. പിയുടേത് മാത്രമാണ്. അവസരം പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും വലിയ പ്രയോജനം ലഭിക്കും.

Top