മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെ ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരെയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുള്ളത്.

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കരനും അരുണ്‍ ബാലചന്ദ്രനുമൊപ്പം അനധികൃത ഇടപാടുകള്‍ നടത്തുന്നയാളാണ് രവീന്ദ്രന്‍. ഇയാളാണ് ഇടപാടുകളുടെ പ്രധാന വാക്താവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്ന കൊള്ളസംഘത്തിന്റെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ശിവശങ്കരനും രവീന്ദ്രനുമടക്കമുള്ള ആളുകള്‍ വന്‍ ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നത്. ചില ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് ശതകോടിക്കണക്കിന് രൂപയുടെ അനധികൃത ലാഭം ഉണ്ടാക്കികൊടുക്കുന്ന ഇടപാടുകാരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്.

മകളുടെ ഐടി വ്യവസായ സംരംഭത്തിന് വേണ്ടി ശിവശങ്കര്‍ എന്തെല്ലാം ചെയ്തുവെന്ന് പിണറായി വിജയന്‍ ജനങ്ങളോട് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ സേവനം മുഖ്യമന്ത്രിയുടെ മകളുടെ സംരഭത്തിന് ഉപകാരപ്പെട്ടിട്ടുണ്ടോ എന്നത് ജനങ്ങളുടെ ന്യായമായ ചോദ്യമാണ്. സുതാര്യമായി ജനങ്ങളെ ഇക്കാര്യം അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് പരസ്യമായി സഹായം ചെയ്തു നല്‍കിയ ശിവശങ്കറിനെതിരെ എന്തുകൊണ്ട് സംസ്ഥാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചെയ്തികള്‍കൊണ്ട് സര്‍ക്കാര്‍ സ്വയം തകരുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ മനസ്സിലാക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്‍ഗോ ഹാന്‍ഡ്ലിങില്‍ വലിയ അഴിമതിയും തട്ടിപ്പും നടക്കുന്നുണ്ട്. ഒന്നും അന്വേഷിക്കേണ്ടതില്ല എന്ന ഒട്ടകപക്ഷി നയമാണ് പിണറായി വിജയന്റേതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

Top