മുഖ്യമന്ത്രിയും സര്‍ക്കാരും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കുണ്ടറയിലെ സ്ത്രീപീഡന കേസില്‍ നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വേട്ടക്കാര്‍ക്കൊപ്പമാണ് പിണറായി വിജയനും സര്‍ക്കാരുമെന്ന് അവര്‍ തെളിയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം.

മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെണ്‍കുട്ടിയെ എന്‍സിപി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതി പിന്‍വലിക്കാന്‍ മന്ത്രി സംസാരിച്ചിട്ടും അത് എന്‍സിപി അന്വേഷിക്കട്ടെ എന്ന സിപിഐഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 

Top