പിണറായി ‘ഫാന്‍ബോയ്’ തരൂര്‍ ! ഇടഞ്ഞ് നേതൃത്വം, വരുതിയിലാക്കാന്‍ സുധാകരന്‍

ന്യൂഡല്‍ഹി: ശശി തരൂരിന്റെ പിണറായി സ്തുതിയില്‍ ഇടഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കെ റെയിലിന്റെ കാര്യത്തില്‍ പോലും വ്യത്യസ്ത നിലപാട് എടുക്കുന്നതില്‍ പാര്‍ട്ടിയുടെ അതൃപ്തി കെ.സുധാകരന്‍ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും.

കെ റെയില്‍ പദ്ധതിയെ എതിര്‍ക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ മാത്രമല്ല, ഉപസമിതിയെ വച്ച് പഠിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്തതാണ്. അതുകൊണ്ട് തന്നെ പദ്ധതിയില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് നിലപാട് എടുത്ത് കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാത്ത തരൂരിന്റെ നടപടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

വിഷയത്തിലെ വ്യക്തത കുറവ് നീക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തരൂരിനോട് സംസാരിക്കും. പാര്‍ട്ടിയും മുന്നണിയും പദ്ധതിക്കെതിരെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ സ്വന്തം എംപിയുടെ എവിടെയും തൊടാത്ത നിലപാട് സിപിഎം ആയുധമാക്കുമെന്നും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. പിണറായിയുടെ വികസന കാഴ്ചപ്പാടുകളെ തരൂര്‍ അനവസരത്തില്‍ ഉള്‍പ്പെടെ പുകഴ്ത്തുന്നതിലും നേതൃത്വത്തിന് വിയോജിപ്പുണ്ട്.

ലുലുമാള്‍ ഉദ്ഘാടന വേളയിലെ പിണറായി സ്തുതി കാര്യമാക്കുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, നിയമവിദ്യാര്‍ത്ഥിനി മോഫിയയുടെ മരണത്തില്‍ ആലുവ പൊലീസിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയരുമ്പോഴും പിണറായിക്കൊപ്പമുള്ള സെല്‍ഫി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. പിണറായിയുടെ വികസന കാഴ്ചപ്പാടുകളെയും ട്വീറ്റില്‍ പുകഴ്ത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ തരൂരിന് ഒഴിവാക്കാമായിരുന്നു എന്ന വികാരം പാര്‍ട്ടിക്കുള്ളിലുണ്ട്.

Top