ശബരിമല വിഷയം ചര്‍ച്ച ചെയ്യരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.

കമ്മീഷന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നിയമാനുസൃതമായ നടപടകളിലേക്ക് യുഡിഎഫ് നീങ്ങും. കമ്മീഷന്‍ നടപ്പാക്കുന്നത് ആരുടെ നിര്‍ദേശമാണെന്നും പരിഹാസ്യമായ തീരുമാനം കമ്മീഷന്‍ പുന:പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമല വിഷയം ചര്‍ച്ച ചെയ്യാത്ത തിരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.

ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പില്‍ ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ട് നടക്കുന്ന പ്രചരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുതെന്നും ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

Top