ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയം; സുധാകരന്‍ ഒഴികെയുള്ള സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിലവിലുള്ള സിറ്റിങ് എംപിമാരെല്ലാം ഇത്തവണയും മത്സരിച്ചേക്കും. എന്നാല്‍ കെപിപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മത്സരിക്കില്ല. അധ്യക്ഷ പദവിയില്‍ തുടരേണ്ടതിനാലാണ് കെ സുധാകരന്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. സുധാകരന് പകരം കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ആലപ്പുഴയില്‍ ഇത്തവണ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. കെ സി വേണുഗോപാലിന്റേതല്ലാതെ മറ്റൊരു പേരും നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കെ സി വേണുഗോപാല്‍ ഇതുവരേയും ഒരു തുറന്നുപറച്ചില്‍ നടത്തിയിട്ടില്ല.

ബാക്കി മുഴുവന്‍ സീറ്റുകളിലും സിറ്റിംഗ് എംപിമാര്‍ തന്നെയാവും ജനവിധി തേടുക. നിലവിലെ എംപിമാര്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ ഏതൊക്കെ തരത്തിലുള്ള മുന്നൊരുക്കമാണ് നടത്തേണ്ടത്, അത് തീരുമാനിച്ച് മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം റിപ്പോര്‍ട്ടര്‍ ടി വി പ്രസ് കോണ്‍ഫറന്‍സില്‍ പ്രതികരിച്ചിരുന്നു.

ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ യുഡിഎഫില്‍ ആരംഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് അതിലേക്ക് കടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ടി ബല്‍റാം പറഞ്ഞിരുന്നു.

Top