അനുസരിച്ചില്ലെങ്കില്‍ പടിക്ക് പുറത്ത്; തരൂരിനെ വിരട്ടി അവസാന അടവുമായി കെ സുധാകരന്‍

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കെ-റെയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, പി.ടി തോമസിനെ പാര്‍ട്ടി ഒരിക്കലും തഴഞ്ഞിട്ടില്ലെന്നും, വിജയസാധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നല്‍കാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ട് പോകാനാകില്ല. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ത്തത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. നമ്മുടെ നാടിന്റെ പോക്ക് അങ്ങോട്ടാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങള്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസ്സാക്കുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും കെ. സുധാകരന്‍ അറിയിച്ചു.

Top