എസ്എഫ്‌ഐ അക്രമം ചെറുക്കുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസില്‍ കെ എസ് യു നേതാക്കള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അക്രമമഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി ചെറുക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ എസ്എഫ്‌ഐ അധികാരത്തിന്റെ തണലില്‍ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് ശ്രമിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ കെഎസ്‌യു നേതാക്കള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികള്‍ക്ക് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. എസ്എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു പറഞ്ഞാല്‍ അതു വിലപ്പോകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

സിപിഎമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ് എഫ് ഐ മാറിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. അവര്‍ വിദ്യാര്‍ഥികളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ആശയങ്ങള്‍ക്കുപകരം കൊടുവാളുമായിട്ടാണ് അവര്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. സി പി എം കണ്ണൂരില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോള്‍ എസ് എഫ് ഐ ക്യാമ്പസുകളില്‍ നടപ്പാക്കുന്നത്. കൈയൂക്കുകൊണ്ട് കലാലയങ്ങള്‍ ഭരിക്കാമെന്ന എസ് എഫ് ഐയുടെ അജണ്ടയ്ക്ക് താങ്ങും തണലുമാകുന്നത് മുഖ്യമന്ത്രിയും സി പി എം നേതൃത്വവുമാണ്. കലാലയങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്‌ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ കൊല്ലം ടി കെ എം കോളജിലെ വിദ്യാര്‍ഥികളെ മൃഗീയമായിട്ടാണ് പൊലീസ് മര്‍ദിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം എന്നും കാമ്പസുകളില്‍ നിന്നാണ് ആദ്യം ഉണ്ടാകുന്നത്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ചെറിയ പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാര്‍ത്ഥി സമരങ്ങളെ കൈകാര്യം ചെയ്യുന്നത്. പക്ഷേ ഇതു കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം’ സുധാകരന്‍ പറഞ്ഞു

Top