ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റമിനെതിരെ കെ സുധാകരന്‍ വീണ്ടും കോടതിയിലേക്ക്

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റമിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീണ്ടും കോടതിയിലേക്ക്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ തന്റെ പേര് പാമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനി പത്രത്തിനും എതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെയാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റമിനെതിരെയും കെ സുധാകരന്‍ പരാതി നല്‍കാനൊരുങ്ങുന്നത്. തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കാന്‍ റസ്റ്റം ഗൂഢാലോചന നടത്തിയതെന്നാണ് സുധാകരന്റെ പരാതി. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും ക്രിമിനല്‍-സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുക.

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് കൊണ്ടുപോകും വഴി, വാഹനത്തില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും സുധാകരനെതിരെ പരാതി എഴുതി നല്‍കണമെന്ന് റസ്റ്റം ആവശ്യപ്പെടുകയും ചെയ്തതായി മോന്‍സണ്‍ വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത പരാതിക്ക് പിന്നാലെയാണ് തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കെ സുധാകരന്‍ രംഗത്തെത്തിയത്. ഗൂഢാലോചനയില്‍ റസ്റ്റം, ഗോവിന്ദന്‍, ദേശാഭിമാനി എന്നിവര്‍ക്ക് പങ്കുണ്ടെന്നും സുധാകരന്‍ ആരോപിക്കുന്നു.

ഡിവൈഎസ്പി റാങ്കിലുള്ള ഒരാള്‍ വ്യാജ പരാതി ഉണ്ടാക്കാന്‍ പ്രതിയെ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണത്തിലേക്ക് സുധാകരന്‍ വിരല്‍ ചൂണ്ടുന്നത്. സംഭവം നടന്നത് കളമശ്ശേരിയില്‍ ആയതിനാല്‍ നേരിട്ട് കോടതിയില്‍ എത്തി പരാതി നല്‍കാനാണ് തീരുമാനം. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും ക്രിമിനല്‍-സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുക. അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം.

Top