കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കും; കെ സുധാകരന്‍

തിരുവനന്തപുരം: താന്‍ കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കുമെന്ന് കെ സുധാകരന്‍. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണ്. ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി സിപിഐഎം ആണെന്നും സുധാകരന്‍ പറഞ്ഞു. വിജയസാധ്യതയ്ക്ക് മാത്രമാണ് പരിഗണന നല്‍കുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പരിഗണനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി സി ജോര്‍ജിന്റെ നാവിന് എല്ലില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഹാദി പരാമര്‍ശം അപലപനീയമാണ്. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്താന്‍ ലീഗിന് അവകാശമുണ്ട്. അതില്‍ തെറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ ഖേദമില്ല. ജാതീയമായ പരാമര്‍ശമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

പ്രസിഡന്റായാല്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തമാക്കിയാല്‍ ജനങ്ങളുമായുള്ള ബന്ധം തിരികെ കൊണ്ടുവരാന്‍ എളുപ്പമാണ്. പ്രസിഡന്റാക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയാറായാല്‍ കണ്ണൂരില്‍ വിജയിപ്പിക്കും. അദ്ദേഹത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. മുല്ലപ്പള്ളിയുടെ മനസ് താന്‍ നോവിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

Top