സ്വര്‍ണക്കടത്ത് കേസില്‍ പിണറായി പ്രതിയാകാത്തതിന് പിന്നില്‍ ബി ജെ പി ബന്ധമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കേരളീയത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി പ്രതിയായില്ല. ബി ജെ പി- പിണറായി ബന്ധമാണിതിന് പിന്നില്‍. കമഴ്ന്നു കിടന്നാല്‍ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നില്‍ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

പട്ടിണിയിലായ കേരളത്തില്‍ ധൂര്‍ത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു. വെള്ളക്കരവും വൈദ്യതി തിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top