കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍

 

 

എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് . ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും.

വിഷയത്തില്‍ നേതാക്കളുടെ പ്രതികരണങ്ങളും ഇന്നുണ്ടാവും. പ്രതിഷേധ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.

Top