ഈ പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റാകില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഈ പാര്‍ട്ടിയില്‍ താന്‍ കെപിസിസി പ്രസിഡന്റാകില്ലെന്നും ഇനി അതിനു താല്‍പര്യമില്ലെന്നും കെ.സുധാകരന്‍ എംപി. പ്രസിഡന്റ് സ്ഥാനത്തു താല്‍പര്യമുണ്ടായിരുന്ന സമയം കഴിഞ്ഞു. നിരാശയില്ല. പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയാണു നേതാവ് എന്ന നിലയില്‍ വലിയ കിരീടം. അതു തനിക്കുണ്ട്. സംതൃപ്തനുമാണ്. പരിമിതികളെക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുലിമടയില്‍ പിണറായി വിജയനെ നേരിടാന്‍ കിട്ടിയ അവസരം താന്‍ വിനിയോഗിച്ചില്ലെന്നാണു വിമര്‍ശനം. അവസാന നിമിഷം സ്ഥാനാര്‍ഥിയാകാന്‍ പറയുമ്പോള്‍ മാനസികമായെങ്കിലും ഒരു തയാറെടുപ്പു വേണ്ടേ? വേഷം കെട്ടിയാല്‍ ഫലമുണ്ടാകണം. ഇറങ്ങിപ്പുറപ്പെട്ടാല്‍ എടുത്തു തിരിച്ചുകൊണ്ടുവരണം. ഒന്നോ, രണ്ടോ തവണ തോല്‍ക്കുമ്പോള്‍ ജയിക്കുന്ന മണ്ഡലം നോക്കി മറ്റു നേതാക്കള്‍ പോകുമ്പോള്‍ താന്‍ അതല്ല ചെയ്തത്. എടക്കാട് മണ്ഡലത്തില്‍ താന്‍ നാലു തവണ തോറ്റ ശേഷമാണു മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റിയത്. ഫലമുണ്ടാകില്ല എന്നതുകൊണ്ടാണു ധര്‍മടത്തു മത്സരിക്കാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഇരിക്കൂറിലെ ഗ്രൂപ്പ് പ്രശ്‌നം തീര്‍ക്കാന്‍ എ ഗ്രൂപ്പിനു ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന ഫോര്‍മുല ചര്‍ച്ചയിലാണ്. ഐ ഗ്രൂപ്പില്‍ എല്ലാവരും സഹകരിക്കുമെങ്കില്‍ അത് അംഗീകരിക്കും. പ്രശ്‌നം പരിഹരിക്കാന്‍ ത്യാഗം ചെയ്യാന്‍ താന്‍ ഒരുക്കമാണ്. പക്ഷേ എല്ലാവരും അംഗീകരിക്കണമെന്നു മാത്രം.

രാജ്യസഭാ സീറ്റ് ഇതുവരെ മലബാറില്‍ കിട്ടിയിട്ടില്ല. ആ ഫോര്‍മുലയും വേണമെങ്കില്‍ ആലോചിക്കാം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്കെതിരെ പറഞ്ഞതിനൊക്കെ മറുപടി പറയേണ്ടതു ഉന്നത കോണ്‍ഗ്രസ് നേതൃത്വമാണെന്നും പരസ്യപ്രസ്താവനയ്ക്കു വിലക്കുള്ളതിനാല്‍ തിരഞ്ഞെടുപ്പുകാലത്ത് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Top