വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതരുതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പൊലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍, അവരെ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങുമെന്ന് കെ. സുധാകരന്‍. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയെ അപലപിക്കാത്ത, വിദ്യാര്‍ഥികളുടെ ആവശ്യം കേള്‍ക്കാന്‍ പോലും തയാറാകാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹനാണോ എന്ന് പൊതുസമൂഹം വിലയിരുത്തണമെന്നും കഴിഞ്ഞ എട്ടു ദിവസമായി നടത്തുന്ന വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാർത്ഥി സമൂഹത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്ന KTU സമരം പ്രതിപക്ഷം ഏറ്റെടുക്കുന്നു. KTU ആസ്ഥാനത്തിന് മുന്നിൽ നിരാഹാര സമരം നടത്തിയ NSUI ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചൊതുക്കാമെന്ന മിഥ്യാധാരണയിൽ നിന്ന് ആഭ്യന്തര വകുപ്പ് പുറത്ത് വരണം. ബലപ്രയോഗങ്ങൾ സമരങ്ങളെ കൂടുതൽ ശക്തമാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും സർക്കാർ ഓർക്കുക.

കോവിഡ് കാലത്ത് ഓഫ്‌ലൈൻ പരീക്ഷകൾ നടത്തിയതിലൂടെ 150ൽ അധികം വിദ്യാർത്ഥികൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിദ്യാർത്ഥികളുടെ നിരന്തരമായ ആവശ്യത്തിനൊടുവിൽ KSU പ്രഖ്യാപിച്ച സമരത്തെ ധാർഷ്ട്യത്തോടെയാണ് സർവകലാശാലയും സർക്കാരും നേരിട്ടത്. തുടർച്ചയായി പരാതികൾ വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും വിദ്യാർത്ഥികൾ അയച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഈ അവസ്ഥയിലാണ് വിദ്യാർത്ഥി സമൂഹത്തിനു വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ KSU നിർബന്ധിതമായത്. സമരത്തെ വളരെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്. കൊല്ലത്തെ TKM എഞ്ചിനീയറിങ് കോളേജിൽ സമരം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. അക്രമത്തിൽ പരിക്കേറ്റ KSU പ്രവർത്തകനെ സന്ദർശിച്ചിരുന്നു. ക്യാമ്പസിനുള്ളിൽ കയറി നരനായാട്ട് നടത്താൻ ആരാണ് പോലീസിന് അനുവാദം നൽകിയത്?

വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയെ അപലപിക്കാത്ത, വിദ്യാർത്ഥികളുടെ ആവശ്യം കേൾക്കാൻ പോലും തയ്യാറാകാത്ത പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അർഹനാണോ എന്ന് പൊതുസമൂഹം വിലയിരുത്തുക. കഴിഞ്ഞ എട്ടു ദിവസമായി നടത്തുന്ന വിദ്യാർത്ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുത്.

മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് മുറവിളി കൂട്ടിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ പലതും കേരളത്തിലെ പരീക്ഷ നടത്തിപ്പിൽ യാതൊരു എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ല. ഭരണവിലാസം സംഘടനകളായി അധഃപതിച്ച വിദ്യാർത്ഥി സംഘടനകളിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കാൻ, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുവാൻ ഇന്ന് കേരളത്തിൽ KSU മാത്രമാണുള്ളത്. സർക്കാർ തിണ്ണ മിടുക്ക് കാണിച്ചു നടത്തിയ പരീക്ഷകൾ ഹൈ കോടതി റദാക്കിയെന്ന വാർത്തകളും പുറത്തോട്ടു വരുന്നുണ്ട്. KSU നടത്തിയ സമരം ന്യായത്തിന് വേണ്ടിയാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. സമരത്തെ മുന്നിലും നിന്നും നയിക്കാൻ ഡൽഹിയിൽ നിന്നും കേരളത്തിലെത്തിയ എറിക് സ്റ്റീഫനെയും മറ്റുള്ള സമരപോരാളികളെയും കെപിസിസി അഭിനന്ദിക്കുന്നു.

AKG സെന്ററിൽ നിന്നും മാരാർജി ഭവനിൽ നിന്നും വിരിയിച്ചെടുക്കുന്ന ക്രിമിനലുകളെ ഏത് വിധേനെയും സംരക്ഷിക്കാൻ തയ്യാറാകുന്ന പിണറായി സർക്കാർ, KSU വിന്റെ കുട്ടികളെ തല്ലി ഒതുക്കാമെന്നു കരുതേണ്ട. പോലീസുകാർ റെഡ് വോളന്റിയർമാരുടെ പണി ചെയ്യാനിറങ്ങിയാൽ, രാഷ്ട്രീയമായി അവരെ നേരിടാൻ KSUവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ നിരത്തിലിറങ്ങും. വിദ്യാർത്ഥി സമൂഹത്തിന് വേണ്ടി, നിയമസഭയിലും സഭക്ക് പുറത്തും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കും.

Top