മതസൗഹാര്‍ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്ന് കെ സുധാകരന്‍

കോട്ടയം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പക്ഷേ സര്‍ക്കാര്‍ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷാ നിര്‍ഭരമായ മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യന്‍ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചര്‍ച്ച നടത്തും.

വര്‍ഗീയത ഉയര്‍ത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. വിവാദങ്ങളില്‍ സമവായത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ചെവി കേള്‍ക്കുന്നവന്‍ കേള്‍ക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിലെ അടിസ്ഥാന ഘടകം കോണ്‍ഗ്രസാണെന്ന് അവകാശപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ സുധാകരന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിക്കും.

 

Top