പൊലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പൊലീസിലെ പുഴുക്കുത്തുകളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്നും സുധാകരന്‍ പറഞ്ഞു. ആലുവയിലെ നിയമ വിദ്യാര്‍ഥി മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരം വിജയിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് തെളിഞ്ഞെന്ന് കെ.കെ രമ എം.എല്‍.എ പ്രതികരിച്ചു. സി.ഐ സുധീറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കില്‍ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നെന്നും കെ.കെ രമ പറഞ്ഞു. സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു കെ.കെ രമ.

അന്‍വര്‍ സാദത്ത് എം.എല്‍.എയുടേയും ബെന്നി ബെഹനാന്‍ എം.പിയുടേയും നേതൃത്വത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം പുരോഗമിക്കുന്നത്. മോഫിയയുടെ മാതാപിതാക്കളും രാവിലെ സമരസ്ഥലത്തെത്തി നേതാക്കളെ കണ്ടിരുന്നു.

മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ പൊലീസിനെതിരെ പ്രതിഷേധവുമായി ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സി.ഐക്കെതിരെ നടപടിയില്ലാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Top