മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:പെന്‍ഷന്‍ കിട്ടാത്തതില്‍ വയോധികര്‍ ഭിക്ഷ യാചിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. രണ്ട് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും സുധാകരന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടര്‍ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. പ്രതികളെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തില്‍ മുന്‍വിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡന്റ് പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്. മുഖ്യമന്ത്രി ഭാഷ സമ്പന്നമായാണല്ലോ സംസാരിക്കുന്നതെന്ന് പരിഹസിച്ച സുധാകരന്‍, സ്വന്തം പാര്‍ട്ടിയിലെ കെ കെ ശൈലജയെ പറഞ്ഞത് നമ്മള്‍ കേട്ടതാണല്ലോയെന്നും കൂട്ടിച്ചേര്‍ത്തു.

Top