വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടു പോലും ശിക്ഷ വിധിച്ചില്ല: കെ സുധാകരന്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടു പോലും ശിക്ഷ വിധിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസിനെ ഗൗരവത്തില്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ലോയേഴ്‌സ് കോണ്‍ഗ്രസ് വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. പ്രതിയ്ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. കോടതി പോലും കീഴടങ്ങിയോ എന്ന് സംശയമുണ്ട്. പുതിയ അന്വേഷണ ഏജന്‍സിയെ വയ്ക്കണം എന്ന് ആവശ്യപ്പെടുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു.

നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെപിസിസി പ്രസിഡന്റ് പിന്തുണച്ചു. പ്രതിഷേധം സ്വാഭാവികമാണ്. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിന്റെ പ്രതീകമാണ്. പ്രതിഷേധിക്കാന്‍ പാടില്ലെങ്കില്‍ പിണറായിയുടെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

‘കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീടാണ് അക്രമിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വീട് അക്രമിച്ചാല്‍ എങ്ങനെ ഇരിക്കും? സമാധാനം പാലിക്കുന്നത് ദൗര്‍ബല്യമായി കാണരുത്. അടികൊണ്ടിട്ടും പ്രതിഷേധിക്കുന്നത് പ്രതികരിക്കാന്‍ കരുത്തുള്ളത് കൊണ്ടാണ്. എന്ത് ചെയ്യാനും കരുത്തുള്ള ചെറുപ്പക്കാര്‍ യൂത്ത് കോണ്‍ഗ്രസിലുണ്ട്. വേണോ വേണ്ടയോ എന്ന് പിണറായി വിജയന് തീരുമാനിക്കാം. ഞങ്ങള്‍ ദുര്‍ബലരല്ല. പിണറായി വിജയനെ പട്ടിയെ എറിയുന്നത് പോലെ എറിയാം’, കെ സുധാകരന്‍ പറഞ്ഞു.

Top