ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ചെലവിട്ടത്. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്‌ചെലവെന്നും സുധാകരന്‍.

ഓണക്കാലമായിട്ടും സപ്ലൈകോയില്‍ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി വിലകൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളില്‍ ഭൂരിഭാഗവും സപ്ലൈകോ സ്റ്റോറുകളില്‍ കിട്ടാനില്ല. ജീവിക്കാന്‍ വഴിയില്ലാതെ ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്തും ആര്‍ഭാടവും. കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്.

സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്റെ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Top