ഗുജറാത്ത് സന്ദർശനം തീവ്രഹിന്ദുത്വ നിലപാടുകൾ പകർത്താനാണോ: കെ.സുധാകരൻ എംപി

തിരുവനന്തപുരം: ഭരണനിർവ്വഹണത്തിനുള്ള ഇ ഗവണേൻസ് ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട സംഘത്തെ ഗുജറാത്തിലേക്ക് അയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ സുധാകരൻ എംപി. തീവ്രഹിന്ദുത്വ നിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിർന്നതുമായ ഗുജറാത്ത് മാതൃക പകർത്തി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തി ന്റെ ഭാഗമാണോ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ചോദിച്ചു.

‘കോർപ്പറേറ്റുകളുടെ സമ്പത്തിൽ വൻ വർധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് ‘ഗുജറാത്ത് മോഡൽ വികസനം’. വൃന്ദാകരാട്ട് ഉൾപ്പെടെയുള്ള സിപിഎമ്മിൻറെ ദേശീയ നേതൃത്വം തുടർച്ചയായി വിമർശിക്കുന്ന ഗുജറാത്ത് മോഡൽ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തൻറെ ഉദ്യോഗസ്ഥരെ അയക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരുവിഭാഗത്തിൻറെ മാത്രം താൽപ്പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സർക്കാരിൻറെത്. കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളസർക്കാരിനും ഗുജറാത്ത് സർക്കാരിനും ഇക്കാര്യത്തിൽ സമാനതകൾ ഏറെയാണ്’. എല്ലാമേഖലയിലും നമ്പർ വണ്ണെന്ന് കോടികൾ ചെലവാക്കി പരസ്യം നൽകുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തിൽ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും സുധാകരൻ പരിഹസിച്ചു.

Top