വി.ഡി സതീശനുമായി ഒരു തര്‍ക്കവുമില്ല; പ്രസ് മീറ്റ് തര്‍ക്ക വീഡിയോയില്‍ പ്രതികരണവുമായി കെ.സുധാകരന്‍

കൊച്ചി: പ്രസ് മീറ്റ് തര്‍ക്ക വീഡിയോയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്. പുതുപ്പള്ളി തര്‍ക്കം അടഞ്ഞ അധ്യായമാണ്. വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തര്‍ക്കവുമില്ല,നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരന്‍ പറഞ്ഞു.

പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ പ്രസ് മീറ്റ് തര്‍ക്ക വീഡിയോ കോണ്‍ഗ്രസ്സ് ആവേശം കെടുത്തുന്നതായിരുന്നു . മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് നയിച്ച സതീശന്‍ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാല്‍ സുധാകരന്‍ ആദ്യം മൈക്ക് ചോദിച്ചതിലെ അമര്‍ഷമായിരുന്നു വിഡിക്കെന്ന് വ്യക്തമായതോടെ വമ്പന്‍ വിജയത്തിനിടെ ഉണ്ടായത് ക്രെഡിറ്റ് തര്‍ക്കമെന്ന് തെളിഞ്ഞു.

ആകെ നാണക്കേടായെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തല്‍. സൈബറിടത്തില്‍ ട്രോള്‍ മഴ പെയ്യുമ്പോള്‍ പ്രതിപക്ഷനേതാവ് തര്‍ക്കത്തെ ന്യായീകരിച്ചു. വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് നല്‍കാനുള്ള സുധാകരന്റെ നീക്കത്തെയാണ് എതിര്‍ത്തതെന്നാണ് സതീശന്റെ വിശദീകരണം

ക്രെഡിറ്റ് സതീശന് മാത്രം നല്‍കുന്നതൊഴിവാക്കാന്‍ സുധാകരന്‍ അനുകൂലികള്‍ ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാണ്. വോട്ടെണ്ണല്‍ ദിവസം സുധാകരനോട് കോട്ടയെത്തെത്താന്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന ചില കെപിസിസി ഭാരവാഹികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് വിഡിയെ പിന്തുണക്കുന്നവര്‍ പറയുന്നത്.

പണിയെടുത്തിട്ടും അധികാരഭാവത്തില്‍ ഞാന്‍ ആദ്യം പറയുമെന്ന അധ്യക്ഷന്റെ പരാമര്‍ശമാണ് പ്രശ്‌നമെന്നാണ് വിഡി പക്ഷത്തിന്റെ നിലപാട്. എന്നാല്‍ മണ്ഡലത്തില്‍ നേതാക്കള്‍ക്കെല്ലാം ചുമതല നല്‍കിയത് സുധാകരനാണെന്ന് പ്രസിഡണ്ട് അനുകൂലികള്‍ വിശദീകരിക്കുന്നു. സംഘടനാപരമായി ആദ്യം സംസാരിക്കേണ്ടത് പ്രസിഡണ്ട് തന്നെ അല്ലേ എന്നാണ് ചോദ്യം. ഏതായാലും വിവാദം അടഞ്ഞ അധ്യായമെന്നാണ് കെപിസിസി പ്രസിഡണ്ടിന്റെ വിശദീകരണം

Top