ആക്ടിവിസ്റ്റുകളെയാണ് ഉദ്ദേശിച്ചത്; സ്ത്രീവിരുദ്ധ പരാമർശത്തിൽ ക്ഷമ പറഞ്ഞ് കെ സുധാകരൻ

കാസര്‍ഗോഡ്: മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമാണെന്ന പ്രസ്ഥാവനയില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ് താന്‍ ഉദ്ദേശിച്ചതെന്നും പൊതുവിലുള്ള സ്ത്രീകളെ ഉദ്ദേശിച്ചതല്ലെന്നും തന്റെ പ്രസ്ഥാവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നടന്ന യുഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയെന്നും എന്നാല്‍ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുമെന്നും ഒരു വിവരവുമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രിയെത്തിയെന്നും ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണ് പിണറായിക്കെന്നും കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു കുട്ടിക്കു വേണ്ടി എല്‍പി സ്‌കൂളിനെ യുപി സ്‌കൂളാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ദയ പിണറായി വിജയനില്ലെന്നും , സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കണമെന്ന ഇതേകുട്ടിയുടെ ആവശ്യം പിണറായി തള്ളിയെന്നുമാണ് സുധാകരന്‍ പ്രസ്ഥാവന നടത്തിയത്.

Top