പതാക ഉയര്‍ത്തല്‍; സിപിഎം തെറ്റ് ഏറ്റുപറയണമെന്ന് കെ സുധാകരന്‍

sudhakaran

തിരുവനന്തപുരം: എഴുപത്തി അഞ്ച് വര്‍ഷം കഴിഞ്ഞ് ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിന്റെ സല്‍ബുദ്ധി സ്വാഗതാര്‍ഹമാണെങ്കിലും ഇത്രയും കാലം ചെയ്തത് തെറ്റാണെന്ന് ഏറ്റുപറയാനുള്ള നട്ടെല്ലുണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷക്ഷന്‍ കെ.സുധാകരന്‍.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്യൂണിസ്റ്റുകാര്‍. ഗാന്ധിജിയെയും അഹിംസയെയും അവര്‍ തിരസ്‌കരിച്ചു. കോണ്‍ഗ്രസിന്റെ രാക്ഷ്ട്രീയ ലക്ഷ്യത്തെ അവര്‍ പരസ്യമായി അധിക്ഷേപിച്ചെന്നും സുധാകരന്‍ പറഞ്ഞു.

വിഘടനവാദത്തെയും വര്‍ഗീയതയേയും അതിജീവിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ കരുത്തുകാട്ടാനും സമാധാനവും ഐക്യവും സംരക്ഷിക്കാനും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ വലുതാണ്. ആ നേട്ടം അവകാശപ്പെടാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനും കഴിയില്ല. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പോലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്.

ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ഹിന്ദുവര്‍ഗീയത തിളച്ചുമറിയുന്ന ഒരു രാഷട്രീയ നേതാവിന്റേതാണ്. ജനമനസ്സില്‍ വര്‍ഗീയതയുടെ തീ കോരിയിടാനാണ് പ്രധാനമന്ത്രിയുടെ ശ്രമമന്നും സുധാകരന്‍ പറഞ്ഞു.

 

Top