ഇന്നലെ കണ്ട കോണ്‍ഗ്രസ് അല്ല ആറ് മാസം കഴിഞ്ഞ് കാണാന്‍ പോകുന്നത്; കെ സുധാകരന്‍

കണ്ണൂര്‍: അടി മുതല്‍ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്നലെ കണ്ട കോണ്‍ഗ്രസ് അല്ല ആറ് മാസം കഴിഞ്ഞ് കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോര്‍ത്തി. പാര്‍ട്ടിയുടെ അടിത്തട്ടിലെ ദൗര്‍ഭല്യം സര്‍വ്വേ നടത്തിയപ്പോള്‍ വ്യക്തമായതാണ്.

നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വാരിവലിച്ചെഴുതുന്ന അണികള്‍ പാര്‍ട്ടിക്ക് ഭൂഷണമല്ല. പാര്‍ട്ടി അച്ചടക്കം പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും അഞ്ച് അംഗ കണ്‍ട്രോള്‍ കമ്മീഷന്‍ ഉണ്ടാകും. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കള്‍ക്ക് പോയകാലത്ത് സ്ഥാനങ്ങള്‍ കിട്ടിയില്ല. പാര്‍ട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്താനാണ് ആലോചന.

2024 ല്‍ പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡി സി സി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

 

Top