വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സംഘടനയാണ് കെ.എസ്.യു; കെ സുധാകരന്‍

തിരുവനന്തപുരം :കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതു ജീവനും ശക്തിയും നല്‍കിയ ചരിത്രമാണ് കെ.എസ്.യുവിനുള്ളതെന്ന് കെ. സുധാകരന്‍ എം.പി. ഒരണ സമരം മുതല്‍ പി.എസ്.സി സമരങ്ങള്‍ വരെ ഓര്‍മ്മപ്പെടുത്തിയായിരുന്നു കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി ഭരണപക്ഷത്തിന്റെ കൊടിയുടെ നിറം നോക്കാതെ പോരാടിയ സംഘടനയാണ് കെ.എസ്.യു. കെ.എസ്.യുവിന്റെ 64ആം സ്ഥാപകദിനവുമായി ബന്ധപ്പെട്ടായിരുന്നു സുധാകരന്റെ പ്രതികരണം.

കഴിഞ്ഞ കാലയളവില്‍ ക്യാമ്പസുകളില്‍ കെ.എസ്.യുവിന് തളര്‍ച്ച സംഭവിച്ചെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തില്‍ അനിഷേധ്യമായ പങ്കാണ് കെ.എസ്. യുവിന് ഉള്ളതെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പ്

കേരള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി പക്ഷ പോരാട്ടങ്ങളുടെ അറുപത്തിനാലാമത് വാര്‍ഷികത്തില്‍ ദീപശിഖാങ്കിത നീല പതാകയേന്തുന്ന എല്ലാ പോരാളികള്‍ക്കും അഭിവാദ്യങ്ങള്‍. എന്നൊക്കെ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടോ അപ്പോഴെല്ലാം പാര്‍ട്ടിക്ക് പുതു ജീവനും ശക്തിയും നല്‍കിയ മുന്‍ ചരിത്രമാണ് കെ.എസ്.യു വിനുള്ളത്. ആ ചരിത്രം ഇനിയും ആവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു .

ഇത്തരം സമര പോരാട്ടങ്ങള്‍ തന്നെയാണ് കേരള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ ഓരോ സമര പോരാളികളെയും ആവേശഭരിതരാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി ഭരണപക്ഷത്തിന്റെ കൊടിയുടെ നിറം നോക്കാതെ പോരാടി അവകാശങ്ങള്‍ നേടിയെടുത്ത പ്രസ്ഥാനം.

ഒരണ സമരം മുതല്‍ സാശ്രയ, പിഎസ്സി സമരങ്ങള്‍ വരെ എത്തി നില്‍ക്കുന്ന സമരപോരാട്ടങ്ങളുടെ പ്രസ്ഥാനം, അനേകം പോരാളികളെ മാതൃ പ്രസ്ഥാനത്തിന് സമ്മാനിച്ച പ്രസ്ഥാനം.

ഈ കഴിഞ്ഞ കാലങ്ങളില്‍ പല കാരണങ്ങളാല്‍ ക്യാമ്പസുകളില്‍ തളര്‍ച്ച സംഭവിച്ചെങ്കിലും കേരള വിദ്യാര്‍ത്ഥി യൂണിയന് കേരളത്തിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തില്‍ അനിഷേധ്യമായ പങ്കാണ് ഉള്ളത്. കെഎസ്യു സമര ഭടന്മാരുടെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങും തണലുമായി കൂടെ ഉണ്ടാകും എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

 

Top