പുന:സംഘടന നിര്‍ത്തിവെച്ച നടപടിയില്‍ അത്യപ്തി അറിയിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: എം.പിമാരുടെ പരാതിയില്‍ കെപിസിസി പുന:സംഘടന നിര്‍ത്തിവച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഡിസിസി പുന:സംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നല്‍കുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു.
കെപിസിസി പ്രസിഡന്റായി കടിച്ചു തൂങ്ങാനില്ല. തന്നെ ഈ ചുമതലയേല്‍പ്പിച്ചത് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാണ്. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം താന്‍ നിര്‍വഹിക്കുകയാണ്. അതിന് തടയിടാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറയുന്നു. പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരൻ എഐസിസി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.                                                                                                                  പുനസംഘടനുമായി ബന്ധപ്പെട്ട് എംപിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാൻഡിനോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സുധാകരനും വിഡി സതീശനും ചേർന്നുള്ള പുതിയ നേതൃത്വമാണ് പുനസംഘടനയ്ക്ക് നേതൃത്വം കൊടുത്തതതെങ്കിലും ഇപ്പോൾ സതീശനും കെ.സി.വേണുഗോപാലും ചേർന്ന് പുതിയൊരു ശാക്തികചേരി രൂപപ്പെട്ടതായി സുധാകരൻ കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പുമായി സുധാകരൻ കൂടുതൽ അടുക്കുന്നുമുണ്ട്.

 

Top