മനുസ്മൃതി പോരാ, മാനവിക മൂല്യങ്ങള്‍ പഠിക്കണം; സുധാകരനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കെ സുധാകരന്‍ എംപിക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. ആധുനിക സമൂഹത്തില്‍ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത്. ‘ചെത്തുകാരന്റെ മകന്‍’ പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ മനസ്സാണ് തെളിഞ്ഞിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാ തൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാന്‍ മനുസ്മൃതി പഠിച്ചാല്‍പോരാ, മാനവിക മൂല്യങ്ങള്‍ പഠിക്കണം. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതി ബോധമാണ് കോണ്‍ഗ്രസിന്. കെ.സുധാകരന്റെ വ്യക്തിപരമായ ജല്‍പനമായി ഇതിനെ ചുരുക്കേണ്ടതില്ല. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാര്‍ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകള്‍ക്ക് പിന്നിലുള്ളത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും വിവിധ തരം തൊഴിലെടുക്കുന്നവരോടുമുള്ള ഭ്രഷ്ട്ടിനോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല, തുടര്‍ച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്‍’ എന്നുപറഞ്ഞ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ട പിടിച്ച ജാതി ബോധമാണ് ഇത്തരം അധിക്ഷേപ പരാമര്‍ശം ഉന്നയിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവര്‍.

ചെത്തുതൊഴില്‍ ചെയ്ത് ജീവിക്കുന്ന അനേകം മനുഷ്യരെക്കൂടിയാണ് കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നത്. ഇതിനെതിരെ സാംസ്‌കാരിക കേരളത്തിന്റെയാകെ പ്രതിരോധം ഉയര്‍ന്നുവരണം. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഇതാണ് സമീപനമെങ്കില്‍ സാധാരണക്കാരായ അധസ്ഥിതവിഭാഗത്തില്‍പ്പെടുന്നവരോട് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എത്രമാത്രം വിവേചനപരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ചെത്തുജോലി ചെയ്യുന്നവരും മനുഷ്യരാണ്. മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസിക രോഗമാണ് കോണ്‍ഗ്രസിന്. ഈ അപരിഷ്‌കൃതവും വിവേചനപരവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. സംഘപരിവാര്‍ മനസും ജാതിബോധവുമായി നടക്കുന്ന കോണ്‍ഗ്രസിനെ ജനം ബഹിഷ്‌കരിക്കും. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Top