മൊട്ടുസൂചി പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ഖജനാവ് സൃഷ്ടിച്ചു; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: കേരളീയം പരിപാടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങള്‍ മഹാദുരിതത്തില്‍ ആണ്ടു കിടക്കുമ്പോഴാണ് 27 കോടിയുടെ നികുതിപ്പണം ഉപയോഗിച്ച് തലസ്ഥാന നഗരി മുഴുവന്‍ മുഖ്യമന്ത്രിയുടെ ബാഹുബലി മോഡല്‍ ഫ്ളക്സ് നിറച്ചിരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

മീഡിയ പ്രവര്‍ത്തനത്തിന് മാത്രം നാലുകോടി. ടെണ്ടര്‍ പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് കേരളീയം പരിപാടിയുടെ കരാറുകള്‍ നല്‍കിയതിലും കോടികളുടെ തിരിമറി നടന്നു. പാര്‍ട്ടിക്കാര്‍ക്ക് കൈയിട്ടു വാരാനുള്ള ചക്കര ഭരണിയാണെന്ന് തിരിച്ചറിഞ്ഞാണ് എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കടമെടുത്ത് ധൂര്‍ത്ത് നടത്തി മൊട്ടുസൂചി പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ഖജനാവ് സൃഷ്ടിച്ചതാണ് പിണറായി സര്‍ക്കാരിന്റെ ആകെയുള്ള ഭരണനേട്ടമെന്നും സുധാകരന്‍ വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധി ഭരണസ്തംഭനത്തിലേക്ക് നീങ്ങിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ദൈനംദിന ചെലവുകളുടെ ബില്ലുകളുടെ പരിധി 5 ലക്ഷമാക്കിയിട്ടാണ് മികവിന്റെ സംസ്ഥാനമെന്ന് കേരളത്തെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

സാമ്പത്തിക തകര്‍ച്ചയില്‍, തൊഴിലില്ലായ്മയില്‍, കടത്തില്‍, ജീവനക്കാരുടെ ഡിഎ കുടിശി നല്കാത്തതില്‍, സ്ത്രീപീഡനങ്ങളില്‍, കുറ്റകൃത്യങ്ങളില്‍, കൊലപാതകങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ലാവ്‌ലിന്‍ കേസുകളിലൊക്കെ പ്രതിക്കൂട്ടിലാകുകയും 40 അകമ്പടി വാഹനങ്ങളോടെ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം പിണറായി വിജയന്റെ ചിത്രം വച്ച് നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്നും സുധാകരന്‍ പറഞ്ഞു. പ്രചാരണങ്ങളില്‍ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ‘ഞാനും പിന്നെ ഞാനും എന്റെ മുഖവും’ എന്ന പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതുമന്ത്രിമാരെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Top