ഷാജഹാൻ വധത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശിച്ച് കെ.സുധാകരൻ. സംസ്ഥാന സർക്കാറിന്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സിപിഎമ്മിനുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ എന്ന് ദൃക്സാക്ഷി പറയുമ്പോൾ ഉത്തരവാദിത്തതിൽ നിന്നും സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്ന് സുധാകരൻ ചോദിച്ചു. അക്രമികൾ പാർട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സിപിഎം നേതാക്കളെ തിരുത്തുന്നത് പാർട്ടിക്കാർ തന്നെയാണ്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ ആണെന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.

ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്. വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്നങ്ങൾ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട്. പൊലീസ് പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സിപിഎം നേതാക്കളാണ്.

സിപിഎം എന്നും അക്രമത്തിന്റെ വക്താക്കളാണെന്നും തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എകെജി സെൻറർ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസിൽ നിർണായക മൊഴി നൽകിയ സമീപത്തെ കടക്കാരനെ പാർട്ടി നിശബ്ദനാക്കിയെന്നും സുധാകരൻ പറഞ്ഞു.

പാലക്കാട് ഷാജഹാൻ കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന സിപിഎം വാദം ചൂണ്ടിക്കാട്ടിയപ്പോൾ ബിജെപിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബിജെപിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ലെന്നും ബിജെപിയോട് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലായെന്നും സുധാകരൻ വ്യക്തമാക്കി.

Top