ഈ ‘ചിരി’ സംഘടനാ തിരഞ്ഞെടുപ്പു വരെ, പൊളിച്ചടുക്കാൻ എ – ഐ ഗ്രൂപ്പുകൾ

കെ.സുധാകരന് ഇത് കഷ്ട്ട കാലമാണ്. കെ.പി.സി.സി അദ്ധ്യക്ഷനായ ശേഷം ശരിക്കും ഒന്നു ഉറങ്ങാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. അതിന് പാര്‍ട്ടിയിലെ എതിരാളികള്‍ അവസരം നല്‍കിയിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനു പുറമെയാണ് വിവാദത്തില്‍ ചെന്നു പെട്ടിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലുമായി സുധാകരനുള്ള അടുപ്പം ഏതൊക്കെ രൂപത്തില്‍ എത്തിയിരുന്നു എന്നത് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ വ്യക്തമാവുകയൊള്ളൂ. ഇക്കാര്യത്തിലും വലിയ ആശങ്ക സുധാകര വിഭാഗത്തിനുണ്ട്. ഒരു ആനുകൂല്യവും സുധാകരന് സര്‍ക്കാര്‍ സംവിധാനത്തില്‍ കിട്ടുകയില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പുകളും അവസരത്തിനായാണ് കാത്തിരിക്കുന്നത്.

പാര്‍ട്ടിയിലെ സുധാകരന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍. ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ നിലവിലെ നേതൃത്വത്തെ വീഴ്ത്താന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പര ധാരണയിലാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. ഗ്രൂപ്പുകളുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നാണ് ഇവരുടെ അനുയായികളും ചൂണ്ടിക്കാട്ടുന്നത്. രണ്ടു പേരുടെയും ലക്ഷ്യം ഒന്നു മാത്രമാണ്. അത് ആദ്യം സുധാകരനെ വീഴ്ത്തുക എന്നതാണ്. അതിനു ശേഷം ലക്ഷ്യം വി.ഡി സതീശനാണ്. ലോകസഭ തിരഞ്ഞെടുപ്പോടെ സതീശനെയും വീഴ്ത്താന്‍ പറ്റുമെന്നാണ് ഗ്രൂപ്പ് നേതൃത്വം കരുതുന്നത്.

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി നേരിട്ടാല്‍ സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തെറിക്കും. അതിനു തന്നെയാണ് രാഷ്ട്രിയ നിരീക്ഷകരും ഏറെ സാധ്യത കാണുന്നത്. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണം ഉടന്‍ തന്നെ ആരംഭിക്കും. കൈകോര്‍ത്ത് പോകണമെന്നും പരസ്പരം മത്സരിക്കേണ്ടെന്നുമുള്ള ധാരണ എ- ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ നിന്നാണ് കെ.പി.സി.സി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അതിനാല്‍ അതില്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. 280 കെ.പി.സി.സി. അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. ‘എ’ ഗ്രൂപ്പ് കൂടി പിന്തുണച്ചാല്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. അതല്ലെങ്കില്‍ ‘എ’ ഗ്രൂപ്പില്‍നിന്ന് മത്സരിക്കുന്ന ആളിന് ഐ ഗ്രൂപ്പ് പിന്തുണ നല്‍കിയേക്കാം.

നിയമസഭയിലേക്ക് രണ്ടാംതവണയും തോല്‍വി നേരിടുകയും കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തും നിയമസഭാ നേതൃത്വത്തിലും മാറ്റംവരികയും ചെയ്തതോടെയാണ് പരമ്പരാഗത ഗ്രൂപ്പുകള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കെ. സുധാകരന്‍-വി.ഡി. സതീശന്‍ അച്ചുതണ്ട് നേതൃത്വം ഏറ്റെടുത്തതോടെ ഇരു ഗ്രൂപ്പുകളിലും പിളര്‍പ്പും ഉണ്ടായി. ഏറെ നഷ്ടമുണ്ടായത് ഐ ഗ്രൂപ്പിനാണ്. പുതിയ ടീമിനൊപ്പം പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരില്‍ പലരും അണിനിരന്നിട്ടുണ്ട്. ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി വേണു ഗോപാലാണ് പുതിയ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത്. സുധാകരനും സതീശനും പഴയ ‘ഐ’ നേതാക്കള്‍ ആണെന്നതും നാം ഓര്‍ക്കണം.

‘ഒന്നു ഇരുട്ടി വെളുത്തപ്പോള്‍’ തന്നെയാണ് ഇവരും നിറം മാറിയിരിക്കുന്നത്. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മീതെയാണ് സതീശന്റെ പ്രകടനം. ഇതാകട്ടെ ഈ മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നതുമാണ്. ലോകസഭയിലേക്ക് കഴിഞ്ഞ തവണ നേടിയ 19 സീറ്റുകള്‍ ലഭിച്ചില്ലങ്കില്‍ വി.ഡി സതീശനെ തെറിപ്പിക്കാം എന്നതാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ കരുതുന്നത്. പരമാവിധി 5 സീറ്റുകളാണ് ഇത്തവണ യു.ഡി.എഫിന് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. രാഹുല്‍ എഫക്ട് ഇത്തവണ ഏശില്ലന്നതാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. അതേസമയം സംഘടനാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാനാണ് സുധാകരന്റെ തീരുമാനം. കെ. മുരളീധരനാകട്ടെ പഴയ ഗ്രൂപ്പില്‍നിന്നും അകലംപാലിച്ചാണ് നിലവില്‍ നില്‍ക്കുന്നത്.

സ്വാഭാവികമായും സുധാകരന് മുരളിയുടെയും പിന്തുണയുണ്ടാകും. നിലവിലെ പുനഃസംഘടനയിലൂടെ ഭാരവാഹിത്വത്തില്‍ വരുന്നവര്‍വഴിയുള്ള അധികപിന്തുണയും സുധാകരന്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് എത്രത്തോളം എന്നതും കണ്ടറിയേണ്ടത് തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കെ.പി.സി.സി അദ്ധ്യക്ഷനും മാറേണ്ടി വരും എന്നതിനാല്‍ അപ്പോള്‍ ”ഒരു കൈ നോക്കാം” എന്നതാണ് മുരളീധരന്റെ നിലപാട്. എ ഐ ഗ്രൂപ്പുകളില്‍ നിന്നും ആരാകും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയെന്ന ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലങ്കിലും യോജിപ്പ് താഴെ തട്ടിലും ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.

ജില്ലതിരിച്ച് ചുമതലകള്‍ നല്‍കി അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകള്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനായും അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയും. അംഗത്വവിതരണ പുസ്തകങ്ങള്‍ നവംബര്‍ രണ്ടാം ആഴ്ചയില്‍ തന്നെ എത്തും. നിലവിലെ കെ.പി.സി.സി. ഭാരവാഹികള്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവരുടെ യോഗം നവംബര്‍ രണ്ടിന് ചേരുന്നുണ്ട്. തുടര്‍ന്ന് ഡി.സി.സി.തല പുനഃസംഘടനയിലേക്കു നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡി.സി.സി പുനസംഘടന നടത്തുന്നത് തന്നെ സുധാകരപക്ഷത്തിന് നേട്ടമുണ്ടാക്കാനാണ്. ഇത് തിരിച്ചറിഞ്ഞുള്ള പ്രതിരോധമാണ് എ – ഐ ഗ്രൂപ്പുകളും അണിയറയില്‍ നടത്തി വരുന്നത്.

EXPRESS KERALA VIEW

Top