രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: ബയോ വെപണ്‍ പദപ്രയോഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പോരാടുമെന്നും ആയിഷയ്ക്കെതിരായ നടപടി ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

ലക്ഷദ്വീപിന് വേണ്ടി കേരളം പാസാക്കിയ പ്രമേയത്തില്‍ സംഘപരിവാറിനെയും മോദിയേയും പേരെടുത്ത് വിമര്‍ശിക്കാത്ത ഇടതുപക്ഷത്തിനെയും സുധാകരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദരൂപം

അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഈ നടപടികള്‍ക്കെതിരെയുള്ള പോരാട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കും. സംവിധായികയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.

ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യുഎപിഎ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തില്‍ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമര്‍ശിക്കാന്‍ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.

സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരന്‍മാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തില്‍ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍.

സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആയിഷ സുല്‍ത്താനയ്ക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം.

 

Top