ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്‌സലോജിക്കിന്റെത്; കെ. സുധാകരന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ വെച്ച് അന്വേഷണത്തെ നിരാകരിക്കാന്‍ കഴിയില്ല. ഭാര്യയുടെ പെന്‍ഷന്‍ കൊണ്ടാണ് എക്‌സാ ലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു.

പിണറായിയുടെ ഭാര്യ ഇന്ത്യയുടെ പ്രസിഡന്റ് ആണോ ഇത്ര പണം കിട്ടാന്‍. ഇങ്ങനെയൊക്കെ പറയാന്‍ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയം. കോടതിയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ട്. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്‌സലോജിക്കിന്റെത്. പിണറായിയും കുടുംബവും എങ്ങനെയാണെന്ന് ലോകം അറിയണം.

കേന്ദ്ര അന്വേഷണ ഏജന്‍സിയെ വിശ്വാസം ഉണ്ടായ സംഭവമുണ്ട്, ഇല്ലാതായ സംഭവവുമുണ്ട്. കോടതിയുടെ മുന്നില്‍ എത്തിയ കേസില്‍ അന്വേഷണ ഏജന്‍സിക്ക് വലുതായി കളിക്കാന്‍ കഴിയില്ല. കോടതിയുടെ നിരീക്ഷണം ഉണ്ടാകുമെന്നതിനാല്‍ വലിയ അപകടം വരാന്‍ സാധ്യതയില്ല.

കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്ത നടപടിയിലും സുധാകരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ കയ്യില്‍ എന്ത് കാശ് ആണ് ഉള്ളത് ഫ്രീസ് ചെയ്യാനെന്നും അന്നന്ന് കിട്ടുന്ന പൈസ കൊണ്ട് അന്നന്നു ചെലവഴിച്ചാണ് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എഐസിസിയുടെ കൈയിലും കെപിസിസിയുടെ കൈയിലും കാശില്ലെന്നും അതുകൊണ്ട് ഒരു പേടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Top