കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ്; എ കെ ബാലന്‍

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍. അച്ഛന്‍ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോയെന്നും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററില്‍ പോകാന്‍ പാടില്ലെന്നത് അധമബോധമാണെന്നും മന്ത്രി ആഞ്ഞടിച്ചു. ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സുധാകരനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന കോണ്‍ഗ്രസ്‌കാരുണ്ട്, സുധാകരന്റെ പ്രസ്ഥാവന തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാട്ടണം. കൊവിഡ് വഹിച്ചു കൊണ്ടാണ് ചെന്നിത്തലയുടെ ജാഥ. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കോണ്‍ഗ്രസിന് ഉള്ള സ്വാധീനം കൂടി പോകും. ഐശ്വര്യയാത്ര കഴിയുമ്പോള്‍ കഴിയുമ്പോള്‍ കേരളം റെഡ് സോണ്‍ ആകുമെന്നും മന്ത്രി പറഞ്ഞു.

മാറി മാറി വന്ന സര്‍ക്കാരുകള്‍ ശ്രദ്ധിക്കാത്ത വിഭാഗമാണ് നാടാര്‍ വിഭാഗം. അര്‍ഹതപെട്ടവര്‍ക്ക് സംവരണം വേണം. ദീര്‍ഘകാലമായുള്ള ആവശ്യമാണ് നാടാര്‍ സംവരണമെന്ന് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പിന്നീട് പ്രതികരിച്ചു. എല്ലാവര്‍ക്കും സംവരണം ലഭിക്കണം എന്നതായിരുന്നു ആവശ്യം. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

 

Top