പിണറായിയെ പോലെ നൂറ് പേര്‍ വന്നാലും ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്ന് സുധാകരന്‍

കാസര്‍ഗോഡ് : മുഖ്യമന്ത്രി പിണറായിയെ പോലെ നൂറ് പേര്‍ വന്നാലും ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.

ശബരിമലയില്‍ നിയന്ത്രണം മാത്രമാണുള്ളത്, ലിംഗ അസമത്വമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത് കോടതിയും സര്‍ക്കാരുമല്ല. ക്ഷേത്ര തന്ത്രിമാരാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയന്‍ ഈ വിധി നേടിയെടുത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്നും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കപടമുഖം പൊളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് നിലപാടുകള്‍ മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്. ശ്രീധരന്‍ പിള്ളയുടെ രഥയാത്ര അദ്വാനിയുടെ രഥയാത്രക്ക് തുല്യമാണെന്നും സുധാകരന്‍ അറിയിച്ചു.

വര്‍ഗീയത ആളിക്കത്തിച്ച് അധികാരം നേടാമെന്ന അത്യാഗ്രഹമാണ് ബി.ജെ.പിയ്ക്ക്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും സുധാകരന്‍ വ്യക്തമാക്കി.

Top