ഡോളര്‍ കടത്ത്; മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് കെ സുധാകരന്‍

sudhakaran

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്നും സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണുണ്ടായതെന്നും സുധാകരന്‍ പറഞ്ഞു

ഡോളര്‍ കടത്ത് കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും കൂട്ടുനിന്നവരാണ് അദ്ദേഹത്തിനെതിരെ മൊഴി കൊടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഭയപ്പെടുത്തി പറയിപ്പിച്ച മൊഴിയല്ല അത്. മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴിയില്‍ ഒരു തരത്തിലുമുള്ള അവ്യക്തതയില്ല. വാര്‍ത്ത പലതും വന്നെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ വിശ്വാസ്യതയില്ലാത്ത സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. കേസെടുക്കുകയും ചെയ്തു. ഇതേ മുഖ്യമന്ത്രി അന്ന് പറഞ്ഞത് ഭരണാധികാരികള്‍ കേസില്‍ പ്രതിയായാല്‍ ഭരണത്തില്‍ തുടരുന്നത് നീതിയുക്തമല്ലെന്നാണ്. നിങ്ങള്‍ക്കിത് ബാധകമല്ലേ എന്നാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.

തെരഞ്ഞെടുപ്പിലടക്കം സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു. അതെല്ലാം ശരിവക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍. അന്വേഷണം എവിടെയുമെത്തുന്നില്ല. അവിശുദ്ധ കൂട്ടുകെട്ടില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണോ ബിജെപിയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Top