കലാലയങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ ഭൂരിഭാഗവും കെഎസ് യുക്കാരെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കെഎസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലപാതക രാഷ്ട്രീയം കെഎസ് യുവിന് വശമില്ലെന്നും എസ്എഫ്‌ഐയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ അക്രമം നടത്തുന്നതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ രക്ത സാക്ഷികളായവരില്‍ മഹാഭൂരിപക്ഷവും കെഎസ്‌യുവാണ്. ഇന്ന് മഹാരാജാസ് കോളേജിനകത്ത് എസ്എഫ്‌ഐയുടെ പുറത്തു നിന്നുള്ള ഗുണ്ടകള്‍, കയറി അവിടത്തെ കെഎസ് യു വിന്റെ കുട്ടികളെ മര്‍ദ്ദിച്ച് പത്ത് പേര്‍ ആശുപത്രിയിലാണ്.

ആരാണ് അക്രമകാരികളെന്ന് കേരളത്തിന് വിലയിരുത്താന്‍ കഴിയണം. കെഎസ് യുവും കോണ്‍ഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തതെന്ന് പറയണം. ഓരോ കലാലയങ്ങളിലും ആരാണ് ആക്രമത്തിന്റെ വക്താക്കള്‍ എന്ന് പരിശോധിക്കണം. സുധാകരനെ പഴി ചാരുന്നതൊക്കെ അതിനു ശേഷം മതിയെന്നും കെ സുധാകരന്‍ പറഞ്ഞു.

കലാലയങ്ങളെ നശിപ്പിക്കുന്ന എസ്എഫ്‌ഐക്ക് ഞങ്ങളെ പഴിചാരാവന്‍ അര്‍ഹതയില്ല. കൊലപാതകം എന്ത് കൊണ്ട് നടന്നു എന്ന് പരിശോധിക്കണം. കോളേജിനകത്തെ സാഹചര്യമെന്ത് എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. 40ാം ളം പേര്‍ കോളേജിനടുത്ത് തമ്പടിച്ച് കെഎസ് യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്നാണ് എനിക്ക് ലഭിച്ച വിവരം. ഈ കൊലപാതകത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരികയാണ്.

ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് അതിനു ശേഷമേ വ്യക്തമാക്കാനാവൂ. ഒരു കാര്യം ഉറപ്പു നല്‍കുന്നു. ഒരിക്കലും കെഎസ് യുക്കാര്‍ കത്തിയെടുത്ത് എസ്എഫ്‌ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രം കേരളത്തിലെ ഒരു കോളേജുകളിലുണ്ടായിട്ടില്ല എന്ന് നെഞ്ചത്ത് കൈ വെച്ച് എനിക്ക് പറയാന്‍ കഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Top