ഡോക്ടറെന്ന നിലയ്ക്ക് മോന്‍സണെ അറിയാം, സംശയമൊന്നും ഉണ്ടായിരുന്നില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അഞ്ചോ ആറോ തവണ വീട്ടില്‍പോയിട്ടുണ്ട്. ഡോക്ടറെന്ന നിലയ്ക്ക് ചികില്‍സയ്ക്കാണ് പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന പുരാതന വസ്തുക്കള്‍ ഉണ്ട്. അന്ന് മോന്‍സനെ കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. മറ്റ് ഒരു കാര്യത്തിലും പങ്കില്ല. പണമിടപാടിനെക്കുറിച്ച് ഒരു ചര്‍ച്ചയും തന്റെ സാന്നിധ്യത്തില്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ദുരൂഹമാണ്. ഇത് കെട്ടിചമച്ച കഥയാണ്. തന്നെ മനപൂര്‍വ്വം കുടുക്കാനാണ് ശ്രമം. തന്നെ കുടുക്കാന്‍ ചില കറുത്തശക്തികള്‍, മുഖ്യമന്ത്രിയും ഓഫിസുമെന്നാണ് സംശയിക്കുന്നത്. പരാതിയില്‍ പറയുന്നതുപോലെ 2018ല്‍ താന്‍ എംപിയല്ല, ഒരു കമ്മിറ്റിയിലും അംഗമായിട്ടുമില്ല. ആരോപിക്കപ്പെട്ട തീയതിയില്‍ എം.ഐ.ഷാനവാസിന്റെ കബറടക്കത്തിലാണ് പങ്കെടുത്തത്. പുരാവസ്തു വിറ്റ പണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു കണ്ണൂരില്‍ അദ്ദേഹം.

നേരത്തെ, കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോന്‍സന്‍ മാവുങ്കല്‍ ചികില്‍സിച്ചിരുന്നതായി ആരോപണവുമായി പരാതിക്കാര്‍രംഗത്തെത്തിയിരുന്നു. കോസ്മെറ്റോളജിസ്റ്റ് എന്നു പറഞ്ഞായിരുന്നു മോന്‍സന്‍ ചികില്‍സ നടത്തിയത്.

സുധാകരന്‍ പത്തുദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചെന്നും, ഡല്‍ഹിയിലെ തടസങ്ങള്‍ സുധാകരന്‍ ഒഴിവാക്കിയെന്ന് മോന്‍സന്‍ പറഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു. 25 ലക്ഷം രൂപ കൈമാറിയത് 2018 നവംബറില്‍ സുധാകരന്റെ സാന്നിധ്യത്തിലെന്നും പരാതിക്കാര്‍ ആരോപിച്ചു. ഫെമ പ്രകാരം തടഞ്ഞുവച്ച പണം കിട്ടാനാണ് ഇടപെട്ടതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

Top