മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ധനമന്ത്രിയുമായ കെ ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് നടത്തും. അദ്ദേഹത്തിന്റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്ത പൈങ്കുളത്താണ് സംസ്‌കാരച്ചടങ്ങുകള്‍. ഇന്ന് രണ്ടു മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മൂന്ന് മണിക്ക് പാലക്കാട് ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം പൈങ്കുളത്തേക്ക് കൊണ്ട് പോകും. ഇന്നലെ രാത്രിയാണ് കെ ശങ്കരനാരായണന്‍ അന്തരിച്ചത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്നു.

കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു കെ ശങ്കര നാരായണന്‍. നാഗാലാന്റ്, അരുണാചല്‍, അസം, ജാര്‍ഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവര്‍ണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു. 6 സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ് അദ്ദേഹം.

സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണന്‍. മന്ത്രി പദവും ഗവര്‍ണര്‍ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണന്‍ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.

ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 2006ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നൊഴിവായ ശങ്കരനാരായണന്‍ 6 സംസ്ഥാനങ്ങളുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 2007ലാണ് ആദ്യമായി ഗവര്‍ണറാവുന്നത്.

പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1968ല്‍ 36ാം വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 1969ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോള്‍ അതുല്യഘോഷ്, എസ്.കെ.പാട്ടീല്‍, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയംഗമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തയളാണ് കെ ശങ്കരനാരായണന്‍. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

1976ല്‍ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിച്ചു. 1977ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പു മന്ത്രിയായി. രാജന്‍ കേസിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ രാജിവെച്ചതോടെ 16ദിവസം മാത്രമേ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ സാധിച്ചൊളളു. 1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1977ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ ഇ.പത്മനാഭനോടും 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി.സി.കബീറിനോട് പരാജയപ്പെട്ടു.1985 മുതല്‍ 2001 വരെ നീണ്ട പതിനാറ് വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു.

1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായും 1977-1978ല്‍ കെ.കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എകെ ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു.2007ല്‍ നാഗലാന്‍ഡ് ഗവര്‍ണറായി നിയമിതനായി. 2009ല്‍ ജാര്‍ഖണ്ഡിലും 2010ല്‍ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ല്‍ മഹാരാഷ്ട്രയില്‍ രണ്ടാമതും നിയമിക്കപ്പെട്ടു. 2014ല്‍ മീസോറാമിലേക്ക് മാറ്റിയതിന് പിന്നാലെ സ്ഥാനം രാജിവെച്ചു. പരേതയായ രാധയാണ് ഭാര്യ. മകള്‍ അനുപമ. മരുമകന്‍: അജിത് ഭാസ്‌കര്‍.

Top