കേരളവര്‍മയിലെ തെരഞ്ഞെടുപ്പ് വിവാദം; കെ. എസ്. യു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹര്‍ജിയില്‍ കെഎസ് യു സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.

അതേസമയം കേരളവര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കെഎസ്.യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു ഇന്ന് മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.

കേരളവര്‍മ കോളജ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ ക്രമക്കേടിലൂടെ അട്ടിമറിച്ചുവെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഒത്താശ ചെയ്തുവെന്നാണ് കെ.എസ്.യു ആരോപണം.

Top