കെ.എസ്.ടി.എ. സംസ്ഥാനസമ്മേളനത്തില്‍ അധ്യാപക പ്രതിനിധികളെ വി.ശിവന്‍കുട്ടി ഇരുത്തിപൊരിച്ചു

കണ്ണൂര്‍: കെ.എസ്.ടി.എ. സംസ്ഥാനസമ്മേളനത്തില്‍ സാംസ്‌കാരിക, വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്യവെ, അധ്യാപക പ്രതിനിധികളെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അക്ഷരാര്‍ഥത്തില്‍ ഇരുത്തിപ്പൊരിച്ചു. ചില അധ്യാപകര്‍ തൊഴില്‍രംഗത്ത് കാണിക്കുന്ന അനാസ്ഥയും അലസതയും അല്പം ക്ഷോഭത്തോടെ മന്ത്രി അക്കമിട്ട് നിരത്തിയപ്പോള്‍ സദസ്സ് സ്തംഭിച്ചിരുന്നു.

”അപൂര്‍വം ചിലരില്‍ ചില അനാശാസ്യ പ്രവണതകളുണ്ട്. അത്തരക്കാരോട് ഒരു ദയാദാക്ഷിണ്യവും കാണിക്കില്ല. അതെന്തൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാം”-മന്ത്രി മുന്നറിയിപ്പ് നല്‍കി. ഏറ്റവും മികച്ച അധ്യാപകനാകാനുള്ള ശ്രമം ഒരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ്. സ്‌കൂളുടെ ഭൗതികസാഹചര്യം മെച്ചപ്പെട്ടു. ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അക്കാദമിക് മികവ് വര്‍ധിപ്പിക്കാനാണ്. പ്ലസ് ടു അധ്യാപകരുടെയും പ്രില്‍സിപ്പല്‍മാരുടെയും സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും -മന്ത്രി പറഞ്ഞു.

1,72,000 അധ്യാപകര്‍ പങ്കെടുക്കേണ്ട ക്ലസ്റ്റര്‍യോഗങ്ങളില്‍ ഒരുകാരണവുമില്ലാതെ പങ്കെടുക്കാത്ത 30,000 പേരുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. പങ്കെടുക്കാനുള്ള മൂന്ന് അവസരങ്ങളും അവര്‍ ഉപയോഗിച്ചില്ല. അവര്‍ ഒരു കാരണവും ബോധിപ്പിച്ചിട്ടില്ല. അത്തരമാളുകളെക്കുറിച്ച് പരിശോധിക്കും.

Top