ഷാന്റെ കൊലപാതകം രഹസ്യ യോഗം ചേര്‍ന്ന് കൃത്യമായ ആസൂത്രണത്തിലൂടെ; റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ് ഷാന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പ് ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചിരുന്നുവെന്നും ഡിസംബര്‍ 15 നും രഹസ്യ യോഗം ചേര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

കൊലപാതകം ചേര്‍ത്തല പട്ടണക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ നേതാക്കളുടെ സഹായം ലഭിച്ചു. കേസില്‍ ആകെ 16 പ്രതികളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

അതേസമയം, ഷാന്‍ വധക്കേസില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചിരുന്നു. അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്.

Top