‘ശബരീനാഥൻ നിരപരാധി, അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ച്’ : സുധാകരൻ

കൊച്ചി : മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ ശബരീനാഥൻ നിരപരാധിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സത്യസന്ധമായ നടപടി അല്ലാത്തതിനാലാണ് ശബരീനാഥന്റെ അറസ്റ്റ് വിവാദമാകുന്നതെന്നും സുധാകരൻ വിശദീകരിച്ചു. ശബരിനാഥന്റെ അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ചാണ്. അറസ്റ്റിന് പിന്നിൽ പി ശശിയുടെ ഇടപെടലാണെന്ന ആരോപണമുയർത്തിയ സുധാകരൻ, ഇത്തരം നടപടികളുടെ ആശാനാണ് ശശിയെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കളവ് പറയുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരം പുലർത്തണമെന്നും സുധാകരൻ പറഞ്ഞു.

‘ഇപി ജയരാജനെതിരെ കേസെടുക്കാത്തത് ശരിയല്ല. വിമാനത്തിനുള്ളിൽ ആക്രമിച്ചയാളിന്റെ പേരിൽ കേസില്ലെന്നത് വിരോധാഭാസമാണ്’. ഇപി ജയരാജൻ കയറാത്തതിനാൽ ഇൻഡിഗൊ കമ്പനി പൂട്ടാൻ പോകുകയാണെന്നും സുധാകരൻ പരിഹസിച്ചു. ”ഇൻഡിഗൊ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ പി യും ഭാര്യയുമല്ലേ, എന്നും വിമാനത്തിൽ പോകുന്ന കുടുംബക്കാരാണല്ലോ ഇപിയുടെത്. ടാറ്റയും ബിർളയുമാണല്ലോയെന്നും” സുധാകരൻ പരിഹസിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Top