കെ രാജുവിന്റെ ജര്‍മന്‍ യാത്ര ന്യായീകരിക്കരുതെന്ന് നിര്‍ദേശം; യാത്രയില്‍ തെറ്റില്ലെന്ന വാദം പാര്‍ട്ടി തള്ളി

തിരുവനന്തപുരം : കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ മന്ത്രി കെ.രാജു ജര്‍മന്‍ യാത്ര നടത്തിയതിനെ ന്യായീകരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശം. മന്ത്രിയുടെ യാത്രയില്‍ തെറ്റില്ലെന്ന വാദം പാര്‍ട്ടി തള്ളി.

യാത്രയ്ക്ക് മുമ്പെ മന്ത്രി രാജു ചുമതല പി തിലോത്തമന് കൈമാറിയത് മുഖ്യമന്തി അറിയാതെയാണെന്ന് വിവരം. സ്വന്തം ലെറ്റര്‍പാഡിലാണ് മന്ത്രി രാജു പി തിലോത്തമന് ചുമതല കൈമാറിയത്. രാജുവിനെതിരെ കൂടുതല്‍ ആക്ഷേപം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ന്യായീകരണം ആവശ്യമില്ലെന്നും പാര്‍ട്ടി മന്ത്രി രാജുവിന് നിര്‍ദേശം നല്‍കി.

വിഷയത്തില്‍ മന്ത്രി കെ.രാജു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിശദീകരണം നല്‍കിയിരുന്നു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തില്‍ എത്തിയാണ് അദ്ദേഹം കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത്. മന്ത്രി ഇ. ചന്ദ്രശേഖരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തന്റെ യാത്ര മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നു. നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നു. മൂന്നു മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ വിദേശയാത്രയില്‍ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം

മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം പറഞ്ഞിരുന്നു. മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിച്ച ശേഷം പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നുമാണ് കാനം പറഞ്ഞത്.

കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ജര്‍മനി യാത്ര. 22 വരെ നിശ്ചയിച്ചിരുന്ന വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണു ഇപ്പോള്‍ മന്ത്രി തിരികെയെത്തിയത്. വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിയോടു പറഞ്ഞിരുന്നു.

മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എംപിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുമാണ് ജര്‍മ്മനിയിലേക്കു പോയത്.

Top