ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ കോട്ടയത്തേക്ക്

കോട്ടയം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ കോട്ടയത്തേക്ക് തിരിച്ചു. അടുത്ത രണ്ട് ദിവസം കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിലവില്‍ അപകട സ്ഥലത്തേക്ക് എത്താന്‍ റോഡ് ഗതാഗതമില്ല.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമാണ് ഉരുള്‍പൊട്ടിയത്. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.

അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി റോഷി ആവശ്യപ്പെട്ടു. കോട്ടയത്തെ കാലാവസ്ഥ മോശമായതിനാല്‍ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന ആസ്ഥാനത്ത് സജ്ജമായി നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം. മഴ തുടരുന്നതിനാല്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Top