600-ൽ 582 ഉം നടപ്പാക്കിയ മുന്നണി വീണ്ടും ചരിത്രം രചിക്കുമെന്ന് കെ.രാജൻ !

ല്ലൂരിൽ രണ്ടാം അങ്കത്തട്ടിലാണിപ്പോൾ സിറ്റിംഗ് എം.എൽ.എയായ കെ.രാജൻ. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കൂടിയായ രാജൻ  വിജയിക്കുമെന്ന കാര്യത്തിൽ ഇടതുപക്ഷ പ്രവർത്തകരും വലിയ പ്രതീക്ഷയിലാണ്. സർക്കാറിന്റെ ഭരണ മികവ് തന്നെയാണ് രാജൻ വോട്ടർമാർക്ക് മുന്നിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.രാജൻ വിജയിക്കുകയും, ഇടതു സർക്കാറിന് ഭരണ തുടർച്ച ലഭിക്കുകയും ചെയ്താൽ, മണ്ഡലത്തിൽ നിന്നും ഒരു മന്ത്രിയുണ്ടാവുമെന്ന കാര്യത്തിൽ ഇടതുപക്ഷ പ്രവർത്തകർക്കും മറിച്ചൊരു അഭിപ്രായമില്ല. തിരക്കുകൾക്കിടയിലും എക്സ്പ്രസ്സ് കേരളക്ക് കെ.രാജൻ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്..

എങ്ങനെയാണ് ഒല്ലൂരിലെ പ്രതീക്ഷ. ഉറപ്പാണോ ഒല്ലൂര്‍?

ഒല്ലൂര്‍ ഉറപ്പാണ്.  ഉറപ്പായിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത്രയും ആത്മവിശ്വാസത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അണികളെല്ലാം നിലനില്‍ക്കുന്നത്.ഒരുപക്ഷെ കേവല രാഷ്ട്രീയം മാത്രമല്ല, രാഷ്ട്രീയം വളരെ അനുകൂലമാണ് കേരളത്തില്‍. അത് തീര്‍ച്ചയായിട്ടും എല്ലാ നിയോജകമണ്ഡലത്തെയും പോലെ ഇവിടെയും നമുക്ക്പ്രതിഫലിക്കുന്നുണ്ട്. ഗവര്‍മെന്റിന്റെ ജനങ്ങളോടുളള സമീപനവും ഗവര്‍മെന്റിന്റെ നയവും, ഏത് ആപത്തു കാലത്തും സര്‍ക്കാര്‍ സഹായിക്കാനുണ്ട് എന്ന ഒരു വിശ്വാസവും, നല്ലതുപോലെ ജനങ്ങള്‍ക്കിടയിലുണ്ട്. അതോടൊപ്പം തന്നെ 1000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെട്ട ഒരു നിയോജക മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ, ഒല്ലൂര്‍ നിയോജക മണ്ഡലം. സ്വാഭാവികമായും ഈ വികസന പ്രവര്‍ത്തനങ്ങള്‍ കേവലം ജനരേഖകളോ പ്രഖ്യാപനങ്ങളോ അല്ല. ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ അതിന്റെ പ്രദര്‍ശനങ്ങള്‍ ഉണ്ട് എന്നുളളത് കൊണ്ട് തന്നെ ജനം ഈ വികസനത്തെ നല്ലത് പോലെ ഉള്‍ക്കൊള്ളുന്നുമുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ ഈ വികസനം തുടരണം എന്ന ആഗ്രഹവും ഉണ്ട്. അതിനാൽ ഈ ഗവര്‍മെന്റ് ഉണ്ടാകണം ഈ മണ്ഡലം വിജയിക്കണം എന്ന വലിയ ആശ പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ട് എന്നുളളതാണ് കൂടുതല്‍ ആശയ്ക്ക് വക നല്‍കുന്ന കാര്യം.

മണ്ഡലത്തില്‍ നടപ്പാക്കിയ പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ഏറ്റവും പ്രധാനപ്പെട്ടത്, നമ്മുടെ നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമായി. ഈ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 1 കോടി രൂപ മുതല്‍ 5 കോടി രൂപ വരെ കേരളത്തിലെ ഗവര്‍മെന്റ് അനുവദിച്ചു. അതില്‍ സിംഹഭാഗവും പണിപൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ ഒരു ടൂറിസ്റ്റ് സഞ്ചാര ഭൂപടത്തിലേയ്ക്ക് ഒല്ലൂര്‍ ഉണ്ടായി എന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. 309 കോടി രൂപ ചെലവില്‍ 30 വര്‍ഷമായി കേവലം ആഗ്രഹം മാത്രമായിരുന്ന പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക്, ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂരില്‍ സാധ്യമായി. അതിന് പൂര്‍ണമായ പണം അനുവദിച്ച്, ഒന്നാം ഘട്ടം നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. രണ്ടും മൂന്നും ഘട്ടങ്ങള്‍ അതിവേഗം നിര്‍മാണം നടത്തി വരികയാണ്. പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് 30 വര്‍ഷത്തെ സ്വപ്നമായിരുന്നു എങ്കില്‍ അതിന്റെ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു എന്ന ആത്മവിശ്വാസത്തിലാണ് ഒല്ലൂര്‍ നിയോജക മണ്ഡലം. സ്വാഭാവികമായും ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനെ കേന്ദ്രീകരിച്ച് കൊണ്ട് പീച്ചി ഡാമും, കച്ചിത്തോട് ഡാമും അതുപോലെ തന്നെ പുത്തൂരിന്റെ കായല്‍ ടൂറിസവും എല്ലാം ഉപയോഗപ്പെടുത്തികൊണ്ട് ഒല്ലൂര്‍ ഒരു ടൂറിസ്റ്റ് ഹബ് ആയി മാറുകയാണ്. ഇത് ജനങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചെടുത്തിട്ടുണ്ട്. മലയോര ഗ്രാമങ്ങള്‍ ഉള്‍കൊള്ളുന്ന ഒല്ലൂര്‍ നിയോജകമണ്ഡലം കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് കേവലം 18 പട്ടയം ആണ് കൊടുത്തത് എങ്കില്‍, 863 പട്ടയങ്ങള്‍ കൊടുക്കുകയും 459 എണ്ണം കൊടുക്കാന്‍ തയ്യാറാവുകയും ചുരുക്കത്തില്‍ കേന്ദ്ര പദവി ലിസ്റ്റില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ പട്ടയങ്ങളും കൊടുക്കാന്‍ കഴിയുകയും ചെയ്ത അപൂര്‍വമായ ഒരു ഭാഗ്യം ഉണ്ടായി. അതോടൊപ്പം കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനു വേണ്ടി കേരളത്തിലെ ആദ്യത്തെ അഗ്രോപാര്‍ക്ക് കണ്ണാറയില്‍ രൂപീകരിച്ചു. ‘വിത്ത് മുതല്‍ വിപണി വരെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് നടത്തിയ  ഒല്ലൂരിന്റെ കൃഷി സമൃദ്ധി , കേരളത്തില്‍ ഏറ്റവും നല്ല രണ്ടാമത്തെ ജൈവ മണ്ഡലത്തിനുള്ള അവാര്‍ഡ് മേടിച്ചു നല്‍കി. അതോടൊപ്പം തന്നെ 1300 ഹെക്ടര്‍ ആയി നെല്‍കൃഷിയും 700 ഹെക്ടര്‍ ആയി പച്ചക്കറി കൃഷിയും വര്‍ധിപ്പിച്ചു. പ്രകൃതിയില്‍ തന്നെ എല്ലാ വിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി വിളകളുടെ ഉത്പാദന വര്‍ധനവ് ഒരു ഗൗരവപ്പെട്ട സംവിധാനമായി ഉണ്ടായി. ഇതെല്ലാം നമ്മുടെ നിയോജക മണ്ഡലത്തെ സംബന്ധിച്ചിടത്തോളം സര്‍വതല സ്പര്‍ശിയായ വികസനത്തിന്റെ ജനകീയമായ മാതൃകകള്‍ ആണ്.

പിണറായി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച ഉറപ്പാണെന്നു ആദ്യമേ പറഞ്ഞല്ലോ. എന്താണ് അങ്ങനെ ഒരു ഉറപ്പിന് കാരണം?

ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളോട് നല്ലത് പോലെ പ്രതികരിക്കാന്‍ കഴിഞ്ഞൊരു ഗവണ്മെന്റ്. ഞങ്ങള്‍ ഈ 5 വര്‍ഷക്കാലം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിന് വോട്ട് അഭ്യര്‍ത്ഥിച്ച് പോകുമ്പോള്‍ കിട്ടാതെ പോയ പെന്‍ഷനെ കുറിച്ചുള്ള ആവലാതികള്‍ ആയിരുന്നു ജനങ്ങള്‍ക്ക് എങ്കില്‍, ഇപ്പോള്‍ 600 രൂപ ഉണ്ടായിരുന്ന പെന്‍ഷന്റെ കുടിശിക പൂര്‍ണമായി തീര്‍ത്ത ഗവണ്മെന്റ് 1600 രൂപ അവരുടെ കൈകളില്‍ ഏല്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഈ ഗവണ്മെന്റ് ഒരിക്കലും മാറരുത് എന്ന് അവര്‍ ആവശ്യപ്പെടുകയാണ്. പെന്‍ഷന്‍ മാത്രമല്ല, പെന്‍ഷന്‍ മുതല്‍ ഇങ്ങോട്ട് പുതിയ റോഡുകള്‍ പുതിയ പാലങ്ങള്‍ വിവിധങ്ങളായ സ്‌കൂളുകളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും മുന്‍കയ്യോടെയുള്ള വികസനം എന്നു തുടങ്ങി രണ്ട് മഹാ പ്രളയവും ഒരു കോവിഡും ഉണ്ടായപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ ഈ ഗവണ്മെന്റ് കാണിച്ച ഒരു ചങ്കൂറ്റമുണ്ടല്ലോ, അത് ജനങ്ങള്‍ നെഞ്ചേറ്റ് വാങ്ങുകയാണ്. ഈ പ്രദേശം മുഴുവന്‍ പ്രളയത്തില്‍ അപകടപ്പെട്ട സ്ഥലങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ആണ്.ഒരുപക്ഷെ കേരളത്തില്‍ തന്നെ അപൂര്‍വമായിട്ട് ഉണ്ടായ ‘ഗെയിൽ പൈപ്പിങ്’ ഉണ്ടായത് ഇവിടെ ആണ്. അവിടെ ആറര കോടി രൂപ ചെലവഴിച്ചു കൊണ്ടാണ് കേവലം ഒന്നര വര്‍ഷ കാലം കൊണ്ട് അത് പുനര്‍ നിര്‍മിക്കാന്‍ ഈ ഗവണ്‍മെന്റിന് സാധിച്ചത്. അപ്പോള്‍ സ്വാഭാവികമായും നഷ്ടങ്ങള്‍ ഉണ്ടെങ്കില്‍, ദുഖങ്ങള്‍ ഉണ്ടെങ്കില്‍, പ്രയാസങ്ങള്‍  ഉണ്ടെങ്കില്‍ അതിനെ ആഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ കൂടെ ഉണ്ട് എന്നൊരു ധാരണ ജനങ്ങള്‍ക്ക് ഉണ്ട്.ഇതെല്ലാം വോട്ടായി മാറും. ഗവണ്മെന്റിന്റെ ഒരു തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ പ്രകടമായ തെളിവുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയില്‍ കാണാന്‍ വേണ്ടി കഴിഞ്ഞിട്ടുണ്ട്.

ഈ മണ്ഡലത്തെ സംബന്ധിച്ച് ഇവിടെ യുഡിഎഫും വലിയ പ്രതീക്ഷയിലാണ്. എന്താണ് അതിന് കാരണം?

യുഡിഎഫ് പ്രതീക്ഷിക്കുന്നതിന്റെ കാരണം എന്താണെന്നു എനിക്ക് കൃത്യതയോട് കൂടി ധാരണ ഇല്ല. ഒന്നുകില്‍ കണക്കിന്റെ തെറ്റാകും. അല്ലെങ്കില്‍ അവര്‍ പ്രതീക്ഷിക്കുന്നത് ഒരു പക്ഷെ ചില തവണകളില്‍ ടേം മാറി വരുന്ന ഒരു മണ്ഡലം എന്ന നിലയിലായിരിക്കും. ഇത് രണ്ടും തെറ്റാന്‍ പോവുകയാണ്. കാരണം ഈ മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കെടുത്ത് പരിശോധിച്ചാല്‍ 30 വര്‍ഷമായി ഓരോ 5 വര്‍ഷം കൂടുന്തോറും മണ്ഡലത്തിലെ പഞ്ചായത്തുകള്‍ എല്ലാം മാറി മാറി ഭരിക്കുന്ന സ്ഥിതി ആണുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ ഉണ്ടായ ഫലത്തിനേക്കാള്‍ കൂടുതല്‍ കടുപ്പത്തോടെ ഇടത് പക്ഷ ജനാധിപത്യ മുന്നണി തിരിച്ചു വന്ന ചരിത്രമാണ് ഈ വര്‍ഷമുള്ളത്.അത്‌കൊണ്ട് കണക്കുകള്‍ തെറ്റുകയാണ് യുഡിഎഫിന്റെ . മാത്രമല്ല,  ജനങ്ങള്‍ ആലോചിക്കുന്നത് കേരളം മുഴുവന്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കും പിണറായി വിജയനും അനുകൂലമായിട്ട് ഒരു തരംഗം ഉണ്ടാകുമ്പോള്‍, ആ തരംഗത്തില്‍ നിന്ന് മാറി നില്‍ക്കേണ്ട ഒരു കാര്യവും നാട്ടിലെ സാധാരണ ജനങ്ങള്‍ക്കില്ല. അതുകൊണ്ട് അത്തരത്തില്‍ ഉള്ള ഏതെങ്കിലും വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് തകര്‍ന്നു പോകും എന്നുള്ളതാണ് പൊതു ജനത്തിന്റെ വികാരം കാണുമ്പോള്‍ മനസിലാക്കുന്നത്. കേവലം ഒരു ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ മാത്രമല്ല ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ഞങ്ങളെ ഏറ്റ് വാങ്ങുന്നതും, സ്വീകരിക്കുന്നതും.   ഗവണ്മെന്റിനോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പൊതു സമൂഹം, വികസനത്തിന് വോട്ട് ഉണ്ട് എന്ന് വിശ്വസിക്കുന്ന പൊതു സമൂഹം, അഴിമതിക്കെതിരായിട്ട് ഉള്ള ഒരു മുന്നേറ്റം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന പൊതു സമൂഹം, ഇവരുടെ ഒക്കെ ഇച്ഛാശക്തിയോട് കൂടിയിട്ടുള്ള പിന്തുണ ഈ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിട്ട് നമ്മുടെ മുന്‍പില്‍ ഉണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം മുന്നോട്ട് വെയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം എന്താണ്?

ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്ക്കുന്ന സാമൂഹിക നീതിയും, സാധാരണക്കാരുടെ ജീവിത പരിരക്ഷയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തോടെ ജനങ്ങള്‍ കാണുന്നുണ്ട്. സാമൂഹിക പെന്‍ഷന്‍ വര്‍ധിപ്പിക്കും എന്ന പ്രഖ്യാപനം, ജനങ്ങള്‍ വിശ്വസിച്ച ഒരു യാഥാര്‍ഥ്യമാണ്. മറ്റുള്ളവര്‍ പറയുന്നത് പോലെ  പെന്‍ഷന്‍ ഇതുവരെ കൊടുക്കാതെ ഇരിക്കുകയും, കുടിശിക വരുത്തുകയും ചെയ്തവരുടെ പൊള്ള വാഗ്ദാനങ്ങള്‍ അല്ല. ഓരോ ഘട്ടത്തിലും അവരുടെ ഹൃദയത്തില്‍ തൊട്ട് ജനങ്ങളെ സഹായിച്ച സര്‍ക്കാര്‍ അവരുടെ മുന്നണി വീണ്ടും പറയുകയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍. ഒരുപക്ഷെ ഭൂമി മലയാളത്തില്‍ ആദ്യമായി വീട്ടമ്മമാരായിട്ടുള്ള കുടുംബിനികള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതുള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. 600 വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച് 582 എണ്ണവും സാധ്യമാക്കിയ ഒരു മുന്നണി, 900 വാഗ്ദാനങ്ങള്‍ മുന്നോട്ട് വെയ്ക്കുമ്പോള്‍ കേവലം ജനരേഖകള്‍ അല്ല നാളെകളില്‍ നാട്ടില്‍ നടക്കാന്‍ പോകുന്ന യാഥാര്‍ഥ്യങ്ങള്‍ ആണെന്ന തിരിച്ചറിവ്, സ്വാഭാവികമായും ഇടത് പക്ഷ ജനാധിപത്യ മുന്നണിയോട് ഇന്നലെകളില്‍ നടത്തിയ പ്രകടനങ്ങളും കൂടി വായിക്കുമ്പോള്‍ അനുകൂലമായിട്ടുള്ള ഒരു തരംഗത്തിനു ഏറ്റവും പ്രധാനപ്പെട്ട സാധ്യതകളാണ്.

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണൻ

 

Top