‘സര്‍ക്കാരിനോട് ഗവര്‍ണര്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ പ്രതികാരം തീര്‍ക്കേണ്ടത് ഇങ്ങനെയല്ല’; കെ രാജന്‍

തിരുവനന്തപുരം: ഒരു മിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ വിമര്‍ശനവുമായി റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിനോട് ഗവര്‍ണര്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ പ്രതികാരം തീര്‍ക്കേണ്ടത് ഇങ്ങനെയല്ല. സര്‍ക്കാരിനോട് എന്തെങ്കിലും തര്‍ക്കം അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന് പ്രതികാരം തീര്‍ക്കേണ്ടത് ഭരണഘടനാപരമായ നടപടികള്‍ നിര്‍വ്വഹിക്കാതെയല്ല. ഗവര്‍ണര്‍ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണം. കരിങ്കൊടി കാണിച്ചതിനാണോ ഗവര്‍ണറുടെ പിണക്കമെന്നും കെ രാജന്‍ ചോദിച്ചു.

നയപ്രഖ്യാപന പ്രസംഗം നടത്തുക എന്നത് ഭരണഘടനാ തീരുമാനമാണ്. അത് നടത്താന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഗവര്‍ണറുടെ നടപടി സമൂഹം വിലയിരുത്തും. കരിങ്കൊടി കാണിക്കാനിടയാക്കിയത് അദ്ദേഹത്തിന്റെ തന്നെ നിലപാടുകളാണ്. ആ നിലപാട് ആണ് തിരുത്തേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിന്റെ നിയമസഭ പാസാക്കിയ ബില്‍ ഹോള്‍ഡ് ചെയ്യാനും തളളാനുമുളള അധികാരം അനുച്ഛേദം 200 പ്രകാരം അദ്ദേഹത്തിനുണ്ട്. നാല് അധികാരങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഇത് ഒന്നും ഉപയോഗിക്കാതെ ബില്‍ കോള്‍ഡ് സ്റ്റോറേജില്‍ എടുത്തുവെക്കുന്ന അദ്ദേഹത്തിന്റെ നിലപാട് ഭരണഘടനയോടുളള നിരുത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും മന്ത്രി വിമര്‍ശിച്ചു.

കേന്ദ്രത്തിന് എതിരെ എല്‍ഡിഎഫ് നടത്തുന്നത് സമരം തന്നെയാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സമരത്തിന്റെ അജണ്ട നിശ്ചയിക്കാന്‍ സര്‍ക്കാരിനെ മാധ്യമങ്ങള്‍ അനുവദിക്കണം. ഷൂസോ കല്ലോ എറിഞ്ഞാല്‍ മാത്രമല്ല സമരമാവുക. എല്‍ഡിഎഫ് നടത്താന്‍ പോകുന്നത് മലയാളിയുടെ ജീവല്‍ സമരമാണെന്നും അദ്ദേഹം പറഞ്ഞു.

Top